
ന്യൂഡൽഹി: കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷനെ ഇന്നറിയാം. വോട്ടെണ്ണൽ രാവിലെ പത്ത് മണിക്ക് ആരംഭിക്കും. നിലവിൽ എ ഐ സി സി സ്‌ട്രോംഗ് റൂമിലാണ് ബാലറ്റ് ബോക്സുകൾ സൂക്ഷിച്ചുവച്ചിരിക്കുന്നത്. എല്ലാ പി സി സികളിലെയും വോട്ടുകൾ കൂട്ടിക്കലർത്തിയ ശേഷമായിരിക്കും എണ്ണുക.
ആകെ 9915 വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 9497 പേരാണ് വോട്ട് ചെയ്‌തത്. ആര് ജയിച്ചാലും രണ്ടര പതിറ്റാണ്ടിനുശേഷം ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാൾ അദ്ധ്യക്ഷ പദവിയിലേക്ക് എത്തും. 22 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിലൂടെ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്.
കേരളത്തിൽ നിന്ന് വോട്ട് ചെയ്തത് 294 പേർ
തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് 294 പേരാണ് വോട്ട് ചെയ്തത്. ഇന്ദിരാഭവനിൽ തയ്യാറാക്കിയ രണ്ടു ബൂത്തുകളിലായി 287 പേർ വോട്ട് ചെയ്തു. സംസ്ഥാനത്ത് 310 പേർക്കായിരുന്നു വോട്ടവകാശം ഉണ്ടായിരുന്നത്. ഭാരത് ജോഡോ യാത്രയിലുള്ള രണ്ടുപേരും മറ്റ് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന അഞ്ചുപേരും കേരളത്തിന് പുറത്താണ് വോട്ട് ചെയ്തത്. 94.83 ശതമാനമാണ് കേരളത്തിലെ പോളിംഗ്.
പട്ടികയിൽ ഉൾപ്പെട്ട മൂന്നുപേർ മരണപ്പെട്ടു. ആരോഗ്യപരമായ അവശതകൾ കാരണം ഒമ്പത് പേരും വിദേശത്തുള്ള രണ്ടുപേരും വോട്ടു ചെയ്തില്ല. പീഡനക്കേസിൽ ഒളിവിൽ പോയ എൽദോസ് കുന്നപ്പിള്ളിയും എത്തിയില്ല. വോട്ടർ കാർഡിലുണ്ടായ പിഴവുമൂലം സുരേഷ് ബാബു എളയാവൂരിനും വോട്ടു ചെയ്യാനായില്ല. സുരേഷ് ബാബുവിന്റെ പേരിനുപകരം മറ്റൊരു പേരാണ് രേഖപ്പെടുത്തിയിരുന്നത്.