
പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസിലെ മുഖ്യ പ്രതി ഷാഫിയുടെ രണ്ട് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ കൂടി കണ്ടെത്തി. സജ്ന മോൾ, ശ്രീജ എന്നീ പേരുകളിലായിരുന്നു അക്കൗണ്ടുകൾ. ഈ അക്കൗണ്ടുകളിലെ ചാറ്റുകൾ പൊലീസ് വീണ്ടെടുത്തു. നരബലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചാറ്റുകളിൽ ഉണ്ടെന്നാണ് സൂചന.
ചാറ്റുകൾ വിശദമായി പരിശോധിച്ച ശേഷം കോടതിയ്ക്ക് മുന്നിലെത്തിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഷാഫി "ശ്രീദേവി" എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഭഗവൽ സിംഗ് - ലൈല ദമ്പതികളെ പരിചയപ്പെട്ടത്. തുടർന്ന് പെരുമ്പാവൂരിൽ ഷാഫി എന്നൊരു സിദ്ധനുണ്ടെന്നും ഇയാളെ തൃപ്തിപ്പെടുത്തിയാൽ സമ്പത്ത് വരുമെന്നും വിശ്വസിപ്പിച്ച് നമ്പർ കൊടുക്കുകയായിരുന്നു. ഇതേരീതിയിൽ വ്യാജ അക്കൗണ്ടുകൾ വഴി വേറെ ഏതെങ്കിലും ദമ്പതികളെ ഷാഫി സ്വാധീനിച്ചോ എന്നും പൊലീസ് പരിശോധിക്കും.
അതേസമയം, കൊല്ലപ്പെട്ട പദ്മയുടെ ഫോൺ കണ്ടെത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. പദ്മയെ കൊലപ്പെടുത്തിയ ശേഷം അവരുടെ ഫോൺ പുഴയിലേക്ക് വലിച്ചെറിഞ്ഞെന്നാണ് ഷാഫി മൊഴി നൽകിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ വാങ്ങിയ കടകളിലും പ്രതികളുമായി തെളിവെടുപ്പ് നടത്തും.