
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറിയുമായിരുന്ന ജയലളിതയുടെ ചികിത്സയിൽ ഇടപെട്ടിട്ടില്ലെന്ന് ഉറ്റതോഴി വി കെ ശശികല. ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി.
ജയലളിതയെ വിദേശ ചികിത്സയ്‌ക്ക് കൊണ്ടുപോകുന്നത് താൻ ഒരിക്കലും തടഞ്ഞിട്ടില്ലെന്നും മെഡിക്കൽ സംഘത്തിന്റെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചികിത്സ നൽകിയതെന്നും ശശികല പറഞ്ഞു. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചുകൊണ്ടുള്ള അറുമുഖസാമി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ശശികലയുടെ പ്രതികരണം.
ശശികല, കുടുംബ ഡോക്ടർ ശിവകുമാർ, അന്നത്തെ ആരോഗ്യ വകുപ്പ് സെക്രട്ടറി രാധാകൃഷ്ണൻ, ആരോഗ്യമന്ത്രി സി വിജയ് ഭാസ്ക്കർ എന്നിവരെ പ്രതിചേർത്ത് അന്വേഷണം നടത്തണമെന്നായിരുന്നു കമ്മീഷന്റെ ശുപാർശ. ജയലളിതയ്ക്ക് വിദഗ്ദ്ധ ചികിത്സ നിഷേധിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കൃത്യമായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ ജയലളിതയുടെ ജീവൻ രക്ഷിക്കാമായിരുന്നു. മരിച്ച് ഒന്നര ദിവസത്തിനുശേഷമാണ് വിവരം പുറത്തുവിട്ടത്. ചികിത്സാ വിവരങ്ങൾ മറച്ചുവച്ചതിൽ അപ്പോളോ ആശുപത്രി ചെയർമാൻ ഡോ പ്രതാപ് സി റെഡ്ഢിക്കും പങ്കുണ്ടെന്നും കമ്മീഷൻ കുറ്റപ്പെടുത്തിയിരുന്നു.