police-inspection-

തൃശൂർ: മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിലെ ക്വാട്ട തികക്കാതിരുന്ന പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ് നൽകി ജില്ലാ പൊലീസ്. തൃശൂർ സിറ്റി പൊലീസ് കൺട്രോൾ റൂമിലെ പൊലീസുകാരനാണ് മേലുദ്യോഗസ്ഥൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മദ്യപിച്ച് വണ്ടിയോടിക്കുന്നവരെ പിടിക്കുന്നതിന് നൽകിയ ടാർജറ്റ് തികഞ്ഞില്ലെന്നാണ് കാരണം.

മദ്യപിച്ച് വണ്ടിയോടിക്കുന്ന രണ്ട് പേരെയെങ്കിലും പിടികൂടാനായിരുന്നു നിർദ്ദേശം. എന്നാൽ പൊലീസുകാരന് ഒരാളെ മാത്രമേ പിടികൂടാൻ കഴിഞ്ഞിരുന്നുള്ളൂ. ക്വാട്ട തികയ്ക്കുന്നതിൽ വീഴ്ച വരുത്തിയത് ഗുരുതര കുറ്റമാണെന്നും മേലധികാരിയുടെ നിർദേശം പാലിച്ചില്ലെന്നും ചൂണ്ടിക്കാണിച്ചാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

കടുത്ത മാനസിക പീഡനം അനുഭവിക്കുന്നുവെന്ന വിമർശനം സേനാംഗങ്ങളിൽ നേരത്തെയുണ്ട്. മാസങ്ങൾക്ക് മുമ്പാണ് തൃശൂർ നഗരത്തിലെ പൊലീസുദ്യോഗസ്ഥൻ ആത്മഹത്യക്ക് ശ്രമിച്ച സംഭവമുണ്ടായത്. നേരത്തെ പെറ്റിക്കേസുകൾക്ക് ക്വാട്ട നൽകിയുള്ള നടപടി ഏറെ വിവാദമായതോടെ അവസാനിപ്പിക്കുകയായിരുന്നു.