job-opportunity

അഹമ്മദാബാദ്: വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഗുജറാത്തിൽ 3000 പേർക്ക് ജോലി ഉറപ്പ് നൽകി ടെക് മഹീന്ദ്ര. ഇതുമായി ബന്ധപ്പെട്ട എം ഒ യു (മെമോറാന്റം ഒഫ് അണ്ടർസ്‌റ്റാൻഡിംഗ്) സർക്കാരുമായി മഹീന്ദ്ര ഒപ്പുവച്ചു. വ്യവസായ സൗഹൃദത്തിന്റെ കാര്യത്തിൽ വളരെ വലിയ സഹകരണമാണ് ഗുജറാത്ത് സർക്കാരിൽ നിന്നും ലഭിക്കുന്നതെന്ന് മഹീന്ദ്രയുടെ മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടീവുമായ സി.പി ഗുർണാമി പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.

ഐ.ടി വ്യവസായത്തിൽ രാജ്യത്തെ അഞ്ചാമത് വലിയ കമ്പനിയാണ് ടെക് മഹീന്ദ്ര. അടുത്ത അഞ്ച് വർഷത്തിനുള്ള ഗുജറാത്തിലെ പ്രവർത്തനങ്ങൾക്കായി എത്ര ജീവനക്കാരെയാണ് വേണ്ടിവരിക എന്ന് ഇപ്പോൾ പറയാനാകില്ലെങ്കിലും, 3000 പേരുടെ നിയമനം ഉറപ്പാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ ഐടി കമ്പനികളുമായി പതിനഞ്ചോളം എം ഒ യുകൾ ഗുജറാത്ത് സർക്കാർ ഒപ്പുവച്ചു കഴിഞ്ഞു. ഇതുപ്രകാരം ഭാവിയിൽ 26750 തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കപ്പെടുമെന്നാണ് കരുതുന്നത്.