amritha

മലപ്പുറം: പത്തുവയസുകാരനായ മകൻ നോക്കിനിൽക്കേ യുവതിയെ വലിച്ചിഴച്ച് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയതായി പരാതി. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. മഞ്ചേരി കൂമംകുളം സ്വദേശിനി അമൃത എൻ ജോസാണ് പൊലീസിനെതിരെ രംഗത്തെത്തിയത്. എന്നാൽ രാത്രി ടൗണിൽ പാർക്ക് ചെയ്ത വാഹനത്തിൽ പരിശോധന നടത്തുന്നത് തടഞ്ഞതിന്റെ പേരിലാണ് നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം. ദൃശ്യങ്ങൾ സഹിതമാണ് യുവതി പരാതിനൽകിയത്.

രാത്രി ചായ കുടിക്കാൻ വാഹനം നിർത്തിയപ്പോൾ അപ്രതീക്ഷിതമായി എത്തിയ പൊലീസ് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച സഹോദരനിൽ നിന്നും പൊലീസുകാർ ഫോൺ പിടിച്ചുവാങ്ങി. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കും മർദനമേറ്റു. ഇവർക്കൊപ്പം പത്ത് വയസുകാരനായ കുട്ടിയുണ്ടെന്ന പരിഗണന പോലും നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.

വനിതാ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കാണ് യുവതി പരാതി നൽകിയത്. ടൗണിൽ ലഹരി സംഘങ്ങളുടെ സാന്നിദ്ധ്യം സജീവമായ ഭാഗത്താണ് ഇവർ കാർ പാർക്ക് ചെയ്തതെന്നും, വാഹനം പരിശോധിക്കാൻ ചെന്നപ്പോൾ തടഞ്ഞതുകൊണ്ടാണ് യുവതിയെ അടക്കം കസ്റ്റഡിയിൽ എടുക്കേണ്ടിവന്നതെന്ന് മഞ്ചേരി പൊലീസ് പറഞ്ഞു.