
അപ്രതീക്ഷിതമായി എത്തിയ അതിഥിക്കൊപ്പം യാത്ര ചെയ്തതിന്റെ നെഞ്ചിടിപ്പിലാണ് വിമാനത്തിൽ നിന്നും യാത്രികർ നിലത്തിറങ്ങിയത്. ഫ്‌ളോറിഡയിലെ താമ്പയിൽ നിന്നും ന്യൂജേഴ്സിയിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് ഫ്‌ളൈറ്റിലാണ് ആകാശ മദ്ധ്യേ പാമ്പ് തല പൊക്കിയത്. പാമ്പിനെ കണ്ടതോടെ ഭീതിയിലായ യാത്രക്കാരെ വിമാന ജീവനക്കാർ ഒരു വിധം സമാശ്വസിപ്പിക്കുകയായിരുന്നു. വിഷമില്ലാത്ത ഗാർട്ടർ ഇനത്തിൽ പെട്ട പാമ്പാണ് വിമാനത്തിൽ കയറിയത്. നിരുപദ്രവകാരിയായ പാമ്പാണെന്ന് തിരിച്ചറിഞ്ഞതോടെ യാത്രികർക്ക് തെല്ലാശ്വാസമായി. വിമാനം ന്യൂജേഴ്സിയിൽ എത്തിയപ്പോൾ അതിഥിയെ സ്വീകരിക്കാൻ വന്യജീവി സംരക്ഷകർ എത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥരും ഇവർക്കൊപ്പം നിലയുറപ്പിച്ചു. പിന്നീട് പാമ്പിനെ കാട്ടിലേക്ക് തുറന്നുവിട്ടതായി വിമാനത്താവളത്തിലെ വക്താവ് ചെറിൽ ആൻ ആൽബിസ് പറഞ്ഞു.
ഇതുപോലെ പാമ്പുകൾ വിമാനയാത്ര നടത്തുന്നത് ആദ്യ സംഭവമല്ല. 2016ൽ മെക്സിക്കോ സിറ്റിയിലേക്കുള്ള ഒരു വിമാനത്തിൽ വലിപ്പമുള്ള ഒരു പാമ്പ് കയറിപ്പറ്റിയിരുന്നു. 2013ൽ ഓസ്‌ട്രേലിയയിൽ നിന്നും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിമാനത്തിന്റെ ചിറകിൽ ചുറ്റിയായിരുന്നു പെരുമ്പാമ്പിനെ കണ്ടെത്തിയത്.