wafa-firoz

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ ചുമത്തിയ കൊലക്കുറ്റം ഒഴിവാക്കി കോടതി. ഒന്നാം പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമൻ, രണ്ടാം പ്രതി വഫ ഫിറോസ് എന്നിവരെയാണ് കൊലക്കുറ്റത്തിൽ നിന്നും ഒഴിവാക്കിയത്. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. രണ്ടുപേരും സമർപ്പിച്ച വിടുതൽ ഹർജിയിലാണ് ഇവർക്കനുകൂലമായ വിധി വന്നത്.

മനഃപൂർവമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനമോടിച്ചു, അലക്ഷ്യമായി വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങൾ മാത്രമേ ശ്രീറാമിനെതിരെ നിലനിൽക്കൂ എന്നും കോടതി വ്യക്തമാക്കി. രണ്ടാം പ്രതിയായ വഫയ്ക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ കുറ്റം മാത്രമേ നിലനിൽക്കുകയുള്ളൂ എന്നും കോടതി പറഞ്ഞു.കേസിന്റെ വിചാരണ സെഷൻസ് കോടതിയിൽ നിന്ന് മജിസ്ട്രേറ്റ് കോടതിയിലേയ്ക്ക് മാറ്റി. വിചാരണയ്ക്കായി പ്രതികൾ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.

മദ്യപിച്ച് വാഹനമോടിച്ചിട്ടില്ല, തനിക്കെതിരെ ചുമത്തിയ നരഹത്യാക്കുറ്റം നിലനില്‍ക്കില്ല, ബഷീറിനെ തനിക്ക് മുന്‍പരിചയമില്ലെന്നും അതിനാല്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന വാദം നിലനില്‍ക്കില്ല തുടങ്ങിയ വാദങ്ങള്‍ ഉന്നയിച്ചാണ് ശ്രീറാം വെങ്കിട്ടരാമന്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. ശ്രീറാമിനോട് അമിതവേഗത്തില്‍ വാഹനമോടിക്കാന്‍ പറഞ്ഞിട്ടില്ലെന്ന് വഫയും കോടതിയില്‍ വാദിച്ചിരുന്നു. എന്നാൽ രണ്ട് പ്രതികളുടെയും വാദം പ്രോസിക്യൂഷൻ എതിർത്തു. ശ്രീറാം വെങ്കിട്ടരാമന്റെ വൈദ്യപരിശോധന വൈകിപ്പിച്ചതും വാഹനമോടിച്ചത് വഫയാണെന്ന് ആദ്യഘട്ടത്തിൽ മൊഴി നൽകിയതും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.