mosquito

എന്താ എന്നെ മാത്രം കൊതുക് വിടാതെ പിന്തുടർന്ന് കടിക്കുന്നത് ഈ ചോദ്യം ചോദിച്ചിട്ടുള്ളവരും , മറ്റുള്ളവർ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുള്ളവരും സാധാരണ വിശ്വസിക്കുന്നത് ചില രക്ത ഗ്രൂപ്പുകൾ കൊതുകുകളെ ആകർഷിക്കും എന്നാണ്. എന്നാൽ ഈ വിശ്വാസം തെറ്റാണെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞർമാർ തെളിയിച്ചു. പകരം കൊതുകുകളെ ആകർഷിക്കുന്ന കാരണവും അവർ കണ്ടെത്തി. മനുഷ്യരുടെ ത്വക്കിലുള്ള ഗന്ധമാണ് കൊതുകുകളെ ആകർഷിക്കുന്നത്.
റോക്ക്‌ഫെല്ലർ യൂണിവേഴ്സിറ്റി, മെമ്മോറിയൽ സ്ലോൺ കെറ്ററിംഗ് കാൻസർ സെന്റർ, കാവ്ലി ന്യൂറൽ സിസ്റ്റംസ് ഇൻസ്റ്റിറ്റിയൂട്ട്, ഹോവാർഡ് ഹ്യൂസ് മെഡിക്കൽ ഇൻസ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. പഠനഫലം 2022 ഒക്ടോബർ 18ന് സയന്റിഫിക് അമേരിക്കയിൽ പ്രസിദ്ധീകരിച്ചതോടെയാണ് ഈ വിഷയം ലോകശ്രദ്ധ ആകർഷിച്ചത്.

ചർമ്മത്തിൽ ഉയർന്ന അളവിൽ കാർബോക്സിലിക് ആസിഡുകളുള്ള ആളുകളെയാണ് കൊതുകുകൾ വിടാതെ പിന്തുടരുന്നതെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഈ സാന്നിദ്ധ്യം ഗന്ധത്തിലൂടെ മനസിലാക്കുന്ന കൊതുകൾ ഒരു കാന്തമെന്ന പോലെ ആളുകളിലേയ്ക്ക് ആകർഷിക്കപ്പെടും. ത്വക്കിന്റെ ഗന്ധം ഒരാളുടെ ജനിതക ഘടനയുമായി ബന്ധപ്പെട്ടിട്ടുള്ളതായതിനാൽ ജീവിതകാലം മുഴുവൻ ഇത് തുടരും. അതായത് ഒരിക്കൽ കൊതുകുകൾ നിങ്ങളെ പിന്തുടരുന്നു എന്ന് മനസിലാക്കിയാൽ അതിൽ നിന്നും മോചനമില്ലെന്ന് അർത്ഥം.

സയന്റിഫിക് അമേരിക്കയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ കൊതുകുകളെ കുറിച്ച് പഠിക്കാനായി തങ്ങൾ സ്വീകരിച്ച വഴികളെ കുറിച്ചും ശാസ്ത്രജ്ഞർ വിവരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ചില ആളുകളെ മറ്റുള്ളവരെ അപേക്ഷിച്ച് കൊതുകുകൾ കൂടുതൽ ആക്രമിക്കുന്നു എന്ന ചോദ്യത്തിൽ നിന്നുമാണ് പഠനം ആരംഭിച്ചത്. 64 ആളുകളിലാണ് പഠന പരീക്ഷണങ്ങൾ നടത്തിയത്. പ്രാഥമിക പഠനത്തിൽ ഒരു വ്യക്തിയുടെ ശരീര ദുർഗന്ധം കൊതുകിനെ കടിക്കാൻ പ്രേരിപ്പിക്കപ്പെടുന്നു എന്ന മനസിലാക്കി. മനുഷ്യരുടെ ശരീരഗന്ധം വ്യത്യസ്ത രാസ സംയുക്തങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഇതിൽ കാർബോക്സിലിക് ആസിഡിന്റെ അളവ് കൂടുതലായി ഉൽപ്പാദിപ്പിക്കുന്ന ചർമ്മമുള്ള ആളുകളെ കൊതുകുകൾ കൂടുതൽ ആകർഷിക്കുന്നതായി കണ്ടെത്തി.

പഠനത്തിൽ പങ്കെടുത്തവരുടെ കൈകളിൽ അവരുടെ ഗന്ധം പിടിക്കുന്നതിനായി നൈലോൺ സ്റ്റോക്കിംഗ്സ് ആറ് മണിക്കൂറോളം ചുറ്റിവച്ചു. തുടർന്ന് സ്റ്റോക്കിംഗുകൾ കഷണങ്ങളായി മുറിച്ച് ഈഡിസ് ഈജിപ്തി പെൺ കൊതുകുകളുള്ള ബോക്സുകളിൽ വച്ചു. ധാരാളം കാർബോക്സിലിക് ആസിഡ് പുറന്തള്ളുന്നവർ ധരിച്ച സ്റ്റോക്കിംഗുകളിലേക്ക് കൊതുകുകൾ കൂടുതൽ ആകർഷിക്കപ്പെട്ടതായി കണ്ടെത്തി.