
നമ്മൾ എന്ത് ഭക്ഷണം കഴിക്കുന്നു എന്നതുപോലെ തന്നെ വളരെ പ്രധാനമാണ് എപ്പോൾ കഴിക്കുന്നു എന്നതും. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്ന് പറയുമെങ്കിലും ഓരോ ഭക്ഷണപദാർത്ഥം കഴിക്കുന്നതിനും കൃത്യമായ സമയമുണ്ടെന്നാണ് ഭക്ഷ്യ ശാസ്ത്രജ്ഞർ പറയുന്നത്. ഉദാഹരണത്തിന് ചോക്ളേറ്റ് കഴിക്കാനുള്ള കൃത്യമായ സമയം രാവിലെ പതിനൊന്ന് മണിയാണ്. എന്നാൽ നമ്മളിൽ എത്രപേർക്ക് ഇതിനെക്കുറിച്ച് അറിയാം? ഈ സമയകണക്ക് അറിഞ്ഞില്ലെങ്കിൽ രോഗങ്ങൾ വിട്ടുമാറില്ലെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
കൃത്യ സമയത്ത് അതാത് ഭക്ഷണം കഴിക്കുന്നത് രോഗപ്രതിരോധനത്തിന് സഹായിക്കുമെന്ന് മാത്രമല്ല, അമിത ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
കോഫി/ ചായ
ഉറക്കമെഴുന്നേറ്റയുടനേ കോഫിയും ചായയും മറ്റും കുടിക്കുന്ന ശീലമുണ്ട് നമുക്ക്. രാവിലെ എട്ട് മണിയ്ക്ക് മുൻപാകും കൂടുതൽ പേരും ഇത്തരം പാനീയങ്ങൾ കുടിക്കുക. എന്നാൽ കോഫിയും ചായയുമൊക്കെ കുടിക്കാനുള്ള കൃത്യമായ സമയം രാവിലെ പത്ത് മണിയാണെന്നാണ് വിദഗ്ദ്ധർ വെളിപ്പെടുത്തുന്നത്. ഉറക്കമെഴുന്നേറ്റയുടനേ കോഫിയും ചായയുമൊക്കെ കുടിക്കുന്നത് ഉത്ക്കണ്ഠ വർദ്ധിക്കാൻ കാരണമാകുന്നു. എന്നാൽ ഉച്ചഭക്ഷണത്തിനോടടുത്ത സമയമായ പത്ത് മണിയ്ക്ക് കോഫി കുടിയ്ക്കുന്നത് ശരീരത്തിലെ സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു.
രാവിലെ ചായ, കോഫി എന്നിവയോടൊപ്പം കേക്ക് പോലുള്ള ലഘുഭക്ഷണം കഴിക്കുന്നത് നല്ലതാണെന്നും ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയിലെ പഠനം വ്യക്തമാക്കുന്നു.
മുട്ട/ ഇറച്ചി
രാവിലെയും ഉച്ചയ്ക്കും രാത്രി അത്താഴത്തിലുമൊക്കെ നമ്മൾ മുട്ടയും ഇറച്ചിയുമൊക്കെ കഴിക്കാറുണ്ട്. എന്നാൽ ഈ ഭക്ഷണപദാർത്ഥങ്ങൾക്കും കൃത്യമായ സമയമുണ്ട്. രാവിലെ ഏഴ് മണിയ്ക്കാണ് ഇവ കഴിക്കേണ്ടതെന്ന് വിദഗ്ദ്ധർ പറയുന്നു. പ്രോട്ടീൻ ധാരാളം അടങ്ങിയ മുട്ട രാവിലെ കഴിക്കുന്നതും വർക്ക്‌ഔട്ടിന് ശേഷം കഴിക്കുന്നതും വയർ നിറഞ്ഞതായുള്ള പ്രതീതി നൽകുന്നു. ഇതിലൂടെ ദിവസം മുഴുവൻ കലോറി ഉപഭോഗം കുറയ്ക്കാനും സാധിക്കുന്നു. കാർബ് അധികം അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നവരേക്കാൾ പ്രഭാതഭക്ഷണത്തോടൊപ്പം മുട്ട കഴിക്കുന്നവർ കുറവ് കലോറി ഉപഭോഗം നടത്തുന്നുവെന്ന് അമേരിക്കൻ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.
ഐസ്‌ക്രീം
അതിരാവിലെ ഐസ്‌ക്രീം കഴിക്കുന്നതിനെപ്പറ്റി നമ്മളിൽ പലർക്കും ആലോചിക്കാൻ കൂടി കഴിയില്ല. എന്നാൽ ഐസ്‌ക്രീം കഴിക്കാനുള്ള കൃത്യമായ സമയം രാവിലെ ആറരയാണെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഉറക്കമെഴുന്നേറ്റയുടൻ തണുത്ത ആഹാരം കഴിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. രാവിലെ ഐസ്‌ക്രീം കഴിക്കുന്നവർ കൂടുതൽ ജാഗരൂകരായിരിക്കുമെന്നാണ് ടോക്യോയിലെ സർവകലാശാല നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നത്.
ചോക്ളേറ്റ്
ചോക്ളേറ്റ് കഴിക്കാനുള്ള ഏറ്റവും മികച്ച സമയം രാവിലെ പതിനൊന്ന് മണിയാണ്. ഉച്ചഭക്ഷണത്തിന് മുൻപ് ചോക്ളേറ്റ് കഴിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. രാവിലെ നൂറ് ഗ്രാം പഞ്ചസാര കഴിക്കുന്നവർ ശരീരത്തിൽ നിന്ന് കൂടുതൽ കൊഴുപ്പ് കത്തിക്കുന്നുവെന്നും ഇവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറവായിരിക്കുമെന്നും സ്പാനിഷ് പഠനം വ്യക്തമാക്കുന്നു.
സൂപ്പ്
സൂപ്പ് കുടിക്കാനുള്ള കൃത്യമായ സമയം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയാണ്. ഉച്ചയൂണിന് മുൻപായി സൂപ്പ് കുടിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
പാസ്‌ത
പാസ്‌ത, മാഗി പോലുള്ളവ കഴിക്കാനുള്ള കൃത്യമായ സമയം ഉച്ചയ്ക്ക് 12.20 ആണ്. ഉച്ചയ്ക്ക് മുൻപായി കലോറി കൂടിയ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നതായി 2021ൽ നടത്തിയ പഠനം തെളിയിക്കുന്നു. കാർബോഹൈഡ്രേറ്റ് കൂടിയ ഉച്ചഭക്ഷണം കഴിച്ചവരിൽ ശരീരഭാരം കുറയുന്നത് കണ്ടെത്തിയതായി ബ്രസീലിയൻ പഠനം തെളിയിക്കുന്നു.
വാഴപ്പഴം
വൈകിട്ട് അഞ്ചരയാണ് വാഴപ്പഴം കഴിക്കാൻ ഏറ്റവും ബെസ്റ്റ് സമയം. ഇത് മസിൽ റിലാക്‌സ് ചെയ്യാനും മൂഡ് നല്ലതാക്കാനും സഹായിക്കുന്നു.
ധാന്യങ്ങൾ
വൈകിട്ട് ഏഴുമണിയാണ് ധാന്യങ്ങൾ അടങ്ങിയ അത്താഴം കഴിക്കാൻ മികച്ച സമയം. പാൽ കൂടിച്ചേർത്ത് ധാന്യങ്ങൾ കഴിക്കുന്നത് ആരോഗ്യം മികച്ചതാക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു.
കിവി പഴം
അത്താഴത്തിന് ശേഷം രാത്രി ഒൻപതരയോടെ കിവി പഴം കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.