banjara

ഹെെദരാബാദ് : ഹെെദരാബാദിലെ ബഞ്ചാര ഹിൽസിൽ നാല് വയസുകാരിയെ സ്കൂൾ പ്രിൻസിപ്പലിന്റെ ഡ്രെെവ‌ർ ലെെംഗികമായി പീഡിപ്പിച്ചു. ഹെെദരാബാദിലെ ഡി എ വി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ് പീഡനത്തിന് ഇരയായത്. പ്രതിയായ രജനികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അടുത്തിടെ കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റവും ഇടയ്ക്ക് ഒറ്റയ്ക്ക് ഇരുന്ന് കരയുന്നതും കണ്ട മാതാപിതാക്കൾ കുട്ടിയോട് വിവരം തിരക്കുകയായിരുന്നു. അപ്പോഴാണ് കുട്ടി രണ്ട് മാസമായി തുടരുന്ന പീഡനത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. മാതാപിതാക്കളുടെ ഒപ്പം സ്കൂളിൽ പോയ കുട്ടി ഡ്രെെവറെ കാണിച്ച് കൊടുത്തു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ വിവരം അറിയിച്ചു. അന്ന് തന്നെ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. പ്രിൻസിപ്പലിന്റെ ചേംബറിന് സമീപമുള്ള ഡിജിറ്റൽ ക്ലാസ് റൂമിലോ ലാബിലോവച്ചായിരിക്കാം കുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് സംശയം. പല കുട്ടികളും പ്രതിയെ ഭയന്നിരുന്നതായും ഇയാൾ മറ്റ് വിദ്യാർത്ഥികളെ പീഡിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.