
കോട്ടയം: വിഴിക്കിത്തോട് ചെറുവള്ളിയിൽ അനിൽകുമാർ - നയന ദമ്പതിമാരുടെ ഇളയമകൻ ദേവജിത്തിന് പൊലീസെന്ന് കേട്ടാലെ പേടിയായിരുന്നു. കൊവിഡ് കാലത്ത് മാസ്‌ക് ധരിക്കാതിരുന്നാൽ പൊലീസ് പിടിക്കുമെന്ന് മുതിർന്നവർ കുട്ടിയോട് പറഞ്ഞിരുന്നു. ആ പേടി മനസിൽ തട്ടിയതാകാം.
കഴിഞ്ഞ ദിവസം ഒരു കേസ് അന്വേഷിക്കാനായി പൊലീസ് ദേവജിത്തിന്റെ വീടിനടുത്തെത്തിയിരുന്നു. ഈ സമയം കുട്ടി മുത്തച്ഛനൊപ്പം മുറ്റത്ത് കളിക്കുകയായിരുന്നു. പൊലീസിനെ കണ്ടതും പേടിച്ച് കരച്ചിലായി. അന്ന് രാത്രിയിലും നിർത്താതെ കരഞ്ഞു. ഇക്കാര്യം അനിൽകുമാർ എസ് ഐ അരുൺ തോമസിനെ അറിയിച്ചു.
കുട്ടിയുമായി സ്റ്റേഷനിൽ വരണമെന്ന് എസ് ഐ അനിലിന് നിർദേശം നൽകിയിരുന്നു. തുടർന്ന് മകനെയും കൂട്ടി അനിൽ പൊലീസ് സ്റ്റേഷനിലെത്തി. ഒരു മണിക്കൂറോളമാണ് പൊലീസുകാർ കുട്ടിയ്‌ക്കൊപ്പം ചിലവഴിച്ചത്. എസ് ഐ മടിയിലിരുത്തി താലോലിച്ചു. മധുരം നൽകിയ ശേഷമാണ് വീട്ടിലേക്ക് അയച്ചത്.