lulu

ഇന്ത്യയിലെ ഏറ്റവും വലിയ മാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിൽ നിർമ്മിക്കാൻ ലുലു ഗ്രൂപ്പ്. അടുത്തിടെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ നടത്തിയ ദുബായ് സന്ദർശനത്തിലാണ് സംസ്ഥാനത്ത് മൂവായിരം കോടി നിക്ഷേപിക്കാൻ ലുലു ഗ്രൂപ്പ് തയ്യാറായത്. യു എ ഇയിൽ വച്ച് ലുലു ഗ്രൂപ്പും ഗുജറാത്ത് സർക്കാരും ഒപ്പിട്ട ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് മാൾ ആരംഭിക്കാൻ തീരുമാനിച്ചത്. ഷോപ്പിംഗ് മാളിന്റെ നിർമാണം അടുത്ത വർഷം ആദ്യം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ പറഞ്ഞു. യുഎഇ ആസ്ഥാനമായുള്ള ശതകോടീശ്വരൻ യൂസഫ് അലിയുടെ ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഗുജറാത്തിലെ ആദ്യ സംരംഭമാണിത്.

ഗുജറാത്തിൽ ഷോപ്പിംഗ് മാൾ എത്തുന്നതോടെ 6,000 പേർക്ക് നേരിട്ടും 12,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അടുത്തുതന്നെ മാളിനായുള്ള തറക്കല്ലിടൽ നടക്കും. അഹമ്മദാബാദ് ആസ്ഥാനമായുള്ള ഷോപ്പിംഗ് മാളിൽ 300ലധികം ദേശീയ അന്തർദേശീയ ബ്രാൻഡുകൾ, മൾട്ടിക്യുസീൻ റെസ്റ്റോറന്റുകളുള്ള 3,000 പേർക്ക് ശേഷിയുള്ള ഫുഡ് കോർട്ട്, ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ വിനോദ കേന്ദ്രമായ ഐമാക്സുള്ള 15 സ്‌ക്രീൻ മൾട്ടിപ്ലക്സ് സിനിമാസ്, മറ്റ് നിരവധി ആകർഷണങ്ങൾ എന്നിവ ഉണ്ടാകും. അഹമ്മദാബാദിനെ ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഡെസ്റ്റിനേഷനായി മാറ്റുകയാണ് ലക്ഷ്യമെന്നും നന്ദകുമാർ പറഞ്ഞു.


ഈ വർഷം ജൂലായിൽ ലക്നൗവിൽ ലുലു ഗ്രൂപ്പ് മാൾ തുറന്നിരുന്നു. കൊച്ചി, ബംഗളൂരു, തിരുവനന്തപുരം നഗരങ്ങളിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് പ്രധാനമായും മിഡിൽ ഈസ്റ്റ്, ഏഷ്യ, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലായി 23 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. 60,000ത്തിലധികം ജീവനക്കാരാണ് ലുലുവിൽ ജോലിചെയ്യുന്നത്.