
ലോകത്തിലെ ആഡംബരക്കാറുകളുടെ തലതൊട്ടപ്പൻമാരായ റോൾസ് റോയ്സിന്റെ ആദ്യ ഇലക്ട്രിക് കാറിന്റെ വിശേഷങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. 2023ന്റെ നാലാം പാദത്തിലാവും സ്‌പെക്‌ട്ര വിൽപ്പനയ്ക്കായി തയ്യാറാവുക. ഇലക്ട്രിക് വാഹന വിപണിയിൽ വലിയ മുന്നേറ്റമാവും ആഡംബര കാറുകൾക്ക് പേരുകേട്ട ബ്രിട്ടീഷ് കമ്പനിയുടെ വരവോടെയുണ്ടാകുന്നത്. അടുത്ത വർഷം അവസാനം മാത്രമേ വിപണിയിൽ എത്തുമെങ്കിലും സ്‌പെക്‌ട്രയെ കുറിച്ചുള്ള ലഭ്യമായ വിവരങ്ങൾ വാഹന പ്രേമികളുടെ കണ്ണുകളെ ആകർഷിക്കാൻ പോന്നതാണ്.
ചലിക്കുന്ന കൊട്ടാരം എന്ന വിശേഷം പേറുന്ന റോൾസ് റോയ്സിന്റെ വലിപ്പവും ഭാരവുമെല്ലാം അനായാസം മുന്നേറാൻ പറ്റിയ എഞ്ചിനാണ് ഇലക്ട്രിക്കിലും ഒരുക്കിയിട്ടുള്ളത്. ശക്തമായ പ്രകടന യോഗ്യതകളുള്ള ഒരു ഇലക്ട്രിക് വാഹനമാണ് സ്‌പെക്‌ട്ര. പൂജ്യത്തിൽ നിന്നും നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ ഭീമൻ കാറിന് കേവലം 4.5 സെക്കന്റ് മതിയാവും. ഒറ്റ ചാർജ്ജിൽ 520 കിലോമീറ്റർ സഞ്ചരിക്കാനാവുന്ന ബാറ്ററി പാക്കാണ് റോൾസ് റോയ്സ് തങ്ങളുടെ ഇലക്ട്രിക്കിൽ ഒരുക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ വാഹനത്തിലെ ബാറ്ററി പാക്ക്, ചാർജിംഗ് എന്നിവയെ കുറിച്ചെല്ലാം കമ്പനി മൗനം പാലിക്കുകയാണ്. 2021 സെപ്തംബറിലാണ് സ്‌പെക്‌ട്രെ പരീക്ഷണ ഓട്ടം ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത്.