
ട്വന്റി 20 ലോകകപ്പ് : അയർലൻഡ് സ്കോട്ട്ലൻഡിനെ വീഴ്ത്തി
ഹൊബാർട്ട്: ട്വന്റി-20 ലോകകപ്പ് പ്രാഥമിക റൗണ്ടിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ സ്കോട്ട്ലൻഡിനെ 6 വിക്കറ്റിന് കീഴടക്കി അയർലൻഡ് സൂപ്പർ 12 പ്രതീക്ഷകൾ നിലനിറുത്തി. ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലൻഡ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. മറുപടിക്കിറങ്ങിയ അയർലൻഡ് ഒരോവർ ശേഷിക്കെ കുർട്ടിസ് ക്യാംഫറുടെ വെടിക്കെട്ട് അർദ്ധ സെഞ്ച്വറിയുടെ പിൻബലത്തിൽ വിജയലക്ഷ്യത്തിൽ എത്തുകയായിരുന്നു (180/ 4) .
ആദ്യ അർദ്ധസെഞ്ചുറിയുമായി കളം നിറഞ്ഞ ക്യാംഫർ പുറത്താകാതെ 32 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പെടെ 72 റൺസ് നേടി ടീമിന്റെ വിജയ ശില്പിയാവുകയായിരുന്നു. ബൗളിംഗിലും തിളങ്ങിയ ക്യാംഫർ 2 വിക്കറ്റും വീഴ്ത്തി. ഒരു ഘട്ടത്തിൽ 9.3 ഓവറിൽ 61/4 എന്ന നിലയിൽ ആയിരുന്ന അയർലൻഡിനെ തകർക്കപ്പെടാത്ത അഞ്ചാം വിക്കറ്റിൽ ജോർജ് ഡോക്റെല്ലിനെ (പുറത്താകാതെ 27 പന്തിൽ 39 ) കൂട്ടുപിടിച്ച് ക്യാംഫർ വിജയ തീരത്ത് എത്തിക്കുകയായിരുന്നു. അഞ്ചാംവിക്കറ്റിൽ ഇരുവരും കൂടി 57 പന്തിൽ 119 റൺസാണ് കൂട്ടിച്ചേർത്തത്. നേരത്തെ ആദ്യ അർദ്ധ സെഞ്ച്വറി നേടിയ ഓപ്പണർ മൈക്കേൽ ജോൺസിന്റെ (55 പന്തിൽ 86 ) ബാറ്റിംഗിന്റെ പിൻബലത്തിലാണ് സ്കോട്ട്ലൻഡ് മികച്ച ടോട്ടൽ നേടിയത്. 6 ഫോറും 4 സിക്സും ഉൾപ്പെട്ടതാണ് ജോൺസിന്റെ ഇന്നിംഗ്സ്. ക്യാപ്ടൻ റിച്ചാർഡ് ബാരിംഗ്ടൺ (37), വിക്കറ്റ് കീപ്പർ മാത്യു ക്രോസ് (28) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 2 ഓവറിൽ 9 റൺസ് നൽകിയാണ് ക്യാംഫർ 2 വിക്കറ്റ് വീഴ്ത്തിയത്.
ആദ്യ മത്സരത്തിൽ സ്കോട്ട്ലൻഡ് വിൻഡീസിനെ കീഴടക്കിയപ്പോൾ അയർലൻഡ് സിംബാബ് വെയോട് തോറ്റിരുന്നു.
ആരാണ് ക്യാംഫർ?
ഓൾറൗണ്ട് പ്രകടനവുമായി അയർലനഡിന് വിജയമൊരുക്കിയ കർട്ടിസ് ക്യാംഫർ ജനിച്ചത് ദക്ഷിണാഫ്രിക്കയിലാണ്.
കളിച്ച് തുടങ്ങിയതും അവിടെത്തന്നെ.ദക്ഷിണാഫ്രിക്കയ്ക്കായി അണ്ടർ 19 തലത്തിൽ അദ്ദേഹം കളിക്കുകയും ചെയ്തു.
2018ൽ അയർലൻഡിനെതിരെ വാംഅപ്പ് ഗെയിംകളിച്ച ദക്ഷിണാഫ്രിക്കൻ ഇലവനിൽ ക്യാംഫറുമുണ്ടായിരുന്നു.
അയർലൻഡ് വിക്കറ്റ് കീപ്പർ ബാറ്റർ നിയാൽ ഒ ബ്രിയാനുമായി സംസാരിച്ചതാണ് കാംഫറുടെ കരിയറിൽ വഴിത്തിരിവായത്. സംസാരത്തിനിടെ തന്റെ മുത്തശ്ശി അയർലൻഡുകാരിയാണെന്നും അതിനാൽ തനിക്ക് അയർലൻഡ് പാസ്പോർട്ട് ഉണ്ടെന്നും ക്യാംഫർ ഒബ്രിയാനോട് പറഞ്ഞു.
ഇക്കാര്യം ഒബ്രിയാൻ അയർലൻഡ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു. അങ്ങനെ ക്യാംഫറിന് അയർലൻഡ് ടീമിലേക്ക് വഴിതെളിഞ്ഞു.