
പൂർണഗർഭാവസ്ഥ വകവയ്കാതെ തന്റെ ജോലി കൃത്യമായി നിർവഹിക്കുകയും മനുഷ്യത്വം വറ്റിയിട്ടില്ലെന്ന് തെളിയിക്കുകയുമാണ് അമേരിക്കൻ സ്വദേശിയായ മുപ്പതുകാരി. തന്റെ കൺമുന്നിൽ നടന്ന അപകടം കണ്ടില്ലെന്ന് നടിക്കാതെ കഠിനമായ വേദന മറന്ന് മറ്റൊരു സ്ത്രീയുടെ രക്ഷകയായിരിക്കുകയാണ് മേഗൻ വാർഫീൽഡ് എന്ന അമേരിക്കക്കാരി. തലകീഴായി മറിഞ്ഞുകിടക്കുകയായിരുന്ന വാഹനത്തിൽ നിന്നാണ് അഗ്നിശമന സേനാംഗം കൂടിയായ മേഗൻ യുവതിയെ രക്ഷിച്ചത്.
യു എസ് സംസ്ഥാനമായ മെറിലാൻഡിലെ ബാൾട്ടിമോർ കൗണ്ടിയിൽ ഒക്‌ടോബർ മൂന്നിനാണ് സംഭവം നടന്നത്. പരേതനായ പിതാവിന്റെ ബഹുമാനാർത്ഥം സംഘടിപ്പിച്ച ഗോൾഫ് ടൂർണമെന്റിൽ ആതിഥേയത്വം വഹിച്ച ശേഷം വീട്ടിലേക്ക് മടങ്ങവേ ഇവരുടെ വാഹനം മറ്റ് ചില വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇവർക്ക് കാര്യമായ പരിക്കുകളൊന്നും ഏറ്റില്ലെങ്കിലും ഇടിയുടെ ആഘാതത്തിൽ ഒൻപത് മാസം ഗർഭിണിയായിരുന്ന മേഗന് പ്രസവ വേദന തുടങ്ങി. എന്നാൽ ഇത് വകവയ്ക്കാതെ ട്രാഫിക നിയന്ത്രിക്കാൻ മേഗനും റോഡിലേയ്ക്കിറങ്ങി.
അതിനിടെയാണ് ഒരു കാർ തലകീഴായി മറിഞ്ഞ നിലയിൽ കിടക്കുന്നത് കാണുന്നത്. മറ്റൊന്നും ചിന്തിക്കാതെ കാറിന് മുകളിലേയ്ക്ക് കടക്കാൻ ശ്രമിച്ചെന്നും പിന്നീടാണ് ഗർഭിണിയാണെന്ന കാര്യം ഓർത്തതെന്നും മേഗൻ പറഞ്ഞു. പിന്നാലെ കാറിന് പുറത്ത് നിലത്തിരുന്ന് മേഗൻ സ്ത്രീയെ സുരക്ഷിതമായ രീതിയിൽ ഇരുത്തി. മുട്ടുകുത്തിയിരിക്കാൻ തനിക്കെങ്ങനെ സാധിച്ചെന്ന് അറിയില്ലെന്നും അപ്പോർ മനസിൽ തോന്നിയതുപോലെ പ്രവർത്തിക്കുകമാത്രമാണ് ചെയ്തതെന്നും എന്നാൽ ഇതിന് പിന്നാലെ കടുത്ത വേദന ആരംഭിച്ചുവെന്നും മേഗൻ പറഞ്ഞു.
അൽപ്പസമയത്തിനുള്ളിൽതന്നെ മേഗന്റെ കാമുകനും പാരാമെഡിക്കൽ പ്രവർത്തകനുമായ ജോഷ് ഡോഗെർട്ടിയും സംഭവസ്ഥലത്തെത്തി. തുടർന്ന് വിറയ്ക്കുന്ന നിലയിലായിരുന്ന മേഗനെ ആശുപത്രിയിലേയ്ക്ക് മാറ്റി. യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വയറിനുള്ളിൽ കുഞ്ഞ് ഒരു വശത്തേയ്ക്ക് മാറിയതായും മേഗൻ അറിഞ്ഞു. തുടർന്ന് അൽപ്പസമയത്തിനകം മേഗൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.
മേഗന്റെ പ്രവൃത്തിയെ അഭിനന്ദിക്കുന്നുവെന്നും ഡ്യൂട്ടിയിലായിരിക്കുമ്പോൾ മാത്രമല്ല അവധിയിലായിരിക്കുമ്പോഴും സേനാംഗങ്ങൾ തങ്ങളുടെ ഡ്യൂട്ടി നിർവഹിക്കുന്നുണ്ടെന്നും അഗ്നിശമനാ മേധാവി ജോൻ റണ്ട് പറഞ്ഞു.പൂർണഗർഭിണിയായിരുന്നതിനാൽ അവധിയിലായിരുന്നു മേഗൻ. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റിരുന്നു. എന്നാൽ ആളപായമില്ല.