viswasam

ജോലിസമയവും തിരക്കുകളും തുടങ്ങി പല കാരണങ്ങൾകൊണ്ട് ഇന്നത്തെകാലത്ത് പലർക്കും രാവിലെ കുളിക്കാൻ കഴിയാറില്ല. എന്നാൽ ആചാര്യന്മാർ പറയുന്നതനുസരിച്ച്, സൂര്യോദയത്തിന് മുമ്പും സൂര്യാസ്തമയത്തിന് മുമ്പുമുള്ള ഏതാനും മണിക്കൂറുകളാണ് കുളിക്കുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ളത് എന്നാണ്. ഈ സമയത്ത് കുളിക്കുന്നതുകൊണ്ട് നിരവധി പ്രയോജനങ്ങളാണ് നിങ്ങളുടെ ശരീരത്തിന് ഉണ്ടാകുന്നത്. പ്രധാനമായും നാല് രീതിയിലാണ് സ്‌നാനസമയങ്ങളെ തിരിച്ചിരിക്കുന്നത്. മുനിസ്‌നാനം, ദേവസ്‌നാനം, മനുഷ്യസ്‌നാനം, രാക്ഷസീയസ്‌നാനം എന്നിവയാണത്. ഓരോ സമയത്തുമുള്ള സ്‌നാനങ്ങളെക്കുറിച്ചും അവയുടെ ഫലങ്ങളെക്കുറിച്ചും അറിയാം.

മുനിസ്‌നാനം

പുലർച്ചെ നാലിനും അഞ്ചിനും ഇടയിൽ കുളിക്കുന്നതിനാണ് മുനിസ്‌നാനം എന്ന് പറയുന്നത്. കുളിക്കാൻ ഏറ്റവും അനുയോജ്യമായ സമയമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ സമയത്ത് കുളിക്കുന്നതിലൂടെ നല്ല ആരോഗ്യം, സന്തോഷം, രോഗപ്രതിരോധം, ബുദ്ധി, ഏകാഗ്രത എന്നീ ഗുണങ്ങൾ നിങ്ങൾക്കുണ്ടാകുന്നു.

ദേവസ്‌നാനം

പുലർച്ചെ അ‌ഞ്ച് മണിക്കും ആറ് മണിക്കും ഇടയിൽ കുളിക്കുന്നതിനെയാണ് ദേവസ്‌നാനം എന്ന് പറയുന്നത്. പ്രശസ്തി, സമൃദ്ധി, മനഃസമാധാനം, സുഖപ്രദമായ ജീവിതം, ഭാഗ്യം എന്നീ ഗുണങ്ങൾ ലഭിക്കാൻ ഈ സമയത്ത് കുളിക്കുന്നത് സഹായിക്കും.

മനുഷ്യസ്‌നാനം

രാവിലെ ആറിനും എട്ടിനും ഇടയിൽ കുളിക്കുന്നതിനെയാണ് മനുഷ്യസ്‌നാനം എന്ന് പറയുന്നത്. ഈ സമയത്ത് കുളിക്കുന്നവരിൽ ഭാഗ്യവും ഐശ്വര്യവും സന്തോഷവും വന്നുചേരും എന്നാണ് വിശ്വാസം.

രാക്ഷസീയസ്‌നാനം

രാവിലെ എട്ട് മണിക്കും സൂര്യാസ്തമയത്തിനും ഇടയിൽ കുളിക്കുന്നതിനെയാണ് രാക്ഷസീയസ്‌നാനം എന്ന് പറയുന്നത്. ഇത് പല തരത്തിലുള്ള ബുദ്ധിമുട്ടുകൾക്കും ധനനഷ്ടത്തിനും ദാരിദ്ര്യത്തിനും കാരണമാകുന്നു.