
ടെഹ്റാൻ: ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന അന്താരാഷ്ട്ര ക്ലൈബിംഗ് മത്സരത്തിൽ ഹിജാബ് ധരിക്കാതെ പങ്കെടുത്ത ഇറാനിയൻ കായികതാരം എൽനാസ് റെകാബിയ്ക്ക് ടെഹ്റാനിൽ വീരോചിത സ്വീകരണം. മടങ്ങിയെത്തിയാലുടൻ ശിക്ഷിക്കപ്പെടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇന്നലെ പുലർച്ചെ ആയിരക്കണക്കിന് ആളുകൾ എൽനാസിന് സ്വീകരണം ഒരുക്കിയത്. അതേസമയം ഹിജാബ് അബദ്ധത്തിൽ അഴിഞ്ഞുപോയതാണെന്നും മനഃപൂർവം സംഭവിച്ചതല്ലെന്നും എൽനാസ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. എന്നാൽ ഇത് എൽനാസിന്റെ അഭിപ്രായമല്ലെന്നും മറ്റാരോ ചെയ്തതാണെന്നുമുള്ള വാദങ്ങളും ഉയരുന്നുണ്ട്.
ഞായറാഴ്ച സോളിൽ നടന്ന ഇന്റനാഷണൽ സ്‌പോട് ക്ലൈബിംഗ് എഷ്യ ചാമ്പ്യൻഷിപ്പിൽ ശിരോവസ്ത്രം ധരിക്കാതെ പങ്കെടുത്ത എൽനാസിനെ പിന്നീട് കാണാതായതായും പാസ്‌പോർട്ടും മൊബൈലും കണ്ടുകെട്ടിയതായും നേരത്തെ സൂചനകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് എൽനാസ് നാട്ടിൽ തിരിച്ചെത്തിയതിന്റെ വീഡിയോ പ്രചരിക്കുന്നത്. എൽനാസിനെ ശിക്ഷിക്കുമെന്നും പാസ്പോർട്ട് കണ്ടുകെട്ടിയെന്നുമുള്ള വാർത്തകൾ വ്യാജമാണെന്ന് സോളിലെ ഇറാൻ എംബസി വ്യക്തമാക്കി. എന്നാൽ, എംബസി പുറത്തു വിട്ട വാർത്തയ്‌ക്കൊപ്പം എൽനാസ് ഹിജാബ് ധരിച്ചു മത്സരിക്കുന്ന പഴയ ചിത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇറാനിൽ സദാചാര പൊലീസിന്റെ മർദ്ദനത്തിനിരയായി മഹ്‌സ അമിനി കൊല്ലപ്പെട്ടതിനെത്തുടന്ന് രാജ്യത്തുടനീളം നടക്കുന്ന വ്യാപക പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് എൽനാസ് റെകാബി ഹിജാബ് ധരിക്കാതെ മത്സരിച്ചതെന്നായിരുന്നു ആദ്യ റിപ്പോട്ടുകൾ.