
ലണ്ടൻ: പൊതുവേ രാജകുടുംബാംഗങ്ങൾക്കുള്ള ഔപചാരികതകൾ പലതും പ്രകടമാക്കുന്ന ആളല്ല ചാൾസ് രാജാവ് . അദ്ദേഹം ജനങ്ങളോട് ഇടപെഴകുന്ന രീതിയും അദ്ദേഹത്തിന്റെ നർമ്മബോധവും പലപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ കിഴക്കൻ ലണ്ടനിലെ ബാൺക്രോഫ്റ്റ് പ്രൈമറി സ്‌കൂളിലെ കുട്ടികളുമായി സംവദിക്കുന്നതിനിടെ ഒരു വിദ്യാത്ഥി ചാൾസ് മൂന്നാമൻ രാജാവിനോട് ചോദിച്ച ചോദ്യവും അതിന് അദ്ദേഹം നൽകിയ മറുപടിയും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. നിങ്ങൾക്കെത്ര വയസായി ചാൾസ് രാജാവേ.. എന്നായിരുന്നു വിദ്യാത്ഥിയുടെ ചോദ്യം. താങ്കൾക്ക് ഊഹിക്കാമോ എന്നായിരുന്നു രാജാവിന്റെ മറുപടി . അദ്ദേഹത്തിന്റെ ഈ മറുപടി അദ്ധ്യാപകരിലും വിദ്യാർത്ഥികളിലും ചിരി പടർത്തി. സാമൂഹ്യ ക്ഷേമത്തിനുള്ള ജനകീയ സംഘടനയായ പ്രൊജക്ട് സീറോ വാൾത്താംസ്റ്റോവിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ചാൾസ് രാജാവ് കിഴക്കൻ ലണ്ടൻ സന്ദശിച്ചത്.
2022 കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനിടെ എടുത്ത ഒരു വീഡിയോയിൽ ഒരാൾ രാജാവിനോട് ചാൾസ്, നമുക്ക് ഒരു ബിയർ കുടിക്കാൻ പോയാലോ എന്നു ചോദിക്കുന്നതും അതിന് അദ്ദേഹം തമാശ രൂപേണ എവിടെ എന്നു തിരിച്ചു ചോദിക്കുന്നതും കാണാം. എവിടെയെങ്കിലുമെന്ന് അയാൾ ഉത്തരം നൽകുമ്പോൾ തന്റെ സുഹൃത്തുക്കളുടെ ഇടയിലേക്ക് വിരൽ ചൂണ്ടി നിങ്ങൾ തന്നെ ഒരിടം പറയണമെന്ന് ചാൾസ് ആവശ്യപ്പെട്ടതും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെത്തുടർന്ന് സെപ്തംബറിലാണ് ചാൾസ് മൂന്നാമൻ അധികാരം ഏറ്റെടുത്തത്.