snake

ന്യൂജഴ്‌സി: ഫ്ലോറിഡയിലെ ടാമ്പാ സി​റ്റിയിൽ നിന്ന് ന്യൂജഴ്‌സിയിലേക്ക് പോയ യുണൈ​റ്റഡ് ഫ്‌ളൈ​റ്റ് 2038 വിമാനത്തിൽ പാമ്പിനെ കണ്ടെത്തി. ഇത് ഏറെ നേരം യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. നെവാർക് ലിബർട്ടി ഇന്റർനാഷണൽ എയർപോർട്ടിലെ വൈൽഡ് ലൈഫ് ഓപ്പറേഷൻ സ്​റ്റാഫും പോർട്ട് അതോറിട്ടി പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഒഫീസർമാരും വിമാനത്തിന്റെ ഗെയി​റ്റിലെത്തി പാമ്പിനെ പിടിച്ചതായും പിന്നീട് കാട്ടിലേക്ക് വിട്ടയച്ചതായും പോർട്ട് അതോറിട്ടി ഒഫ് ന്യൂയോർക്ക് ആൻഡ് ന്യൂജഴ്‌സി അധികൃതർ അറിയിച്ചു. യാത്രക്കാർ സുരക്ഷിതരാണ്. വിമാനം ലാൻഡ് ചെയ്തതിനു ശേഷം ടാക്‌സീങ് ചെയ്യുന്നതിനിടെയാണ് ബിസിനസ് ക്ലാസിലെ യാത്രക്കാർ പാമ്പിനെ കണ്ടത്. ഇതേത്തുടർന്ന് യാത്രക്കാർ നിലവിളിക്കുകയായിരുന്നു. പാമ്പിനെ പിടിച്ച ശേഷം വിമാനം പരിശോധിച്ചെങ്കിലും മ​റ്റ് ഇഴ ജന്തുക്കളെയൊന്നും കണ്ടെത്തിയില്ല. ഫ്ലോറിഡയിൽ സാധാരണയായി കാണപ്പെടുന്ന ഗാർട്ടർ പാമ്പ് വിഷമുള്ളതോ ആക്രമണ സ്വഭാവമുള്ളതോ അല്ല. 18 മുതൽ 26 ഇഞ്ച് വരെ നീളമുള്ള പാമ്പുകൾ മനുഷ്യരുമായോ വളർത്തു മൃഗങ്ങളുമായോ സമ്പർക്കത്തിൽ വരാറില്ല. ഉപദ്റവിച്ചാൽ മാത്രമേ ഇവ കടിക്കാറുള്ളു. ന്യൂജഴ്‌സിയിലും ഗാർട്ടർ പാമ്പുകൾ സാധാരണമാണ്. ഫെബ്രുവരിയിൽ മലേഷ്യയിലെ എയർ ഏഷ്യ വിമാനത്തിലും സമാന സംഭവം നടന്നിരുന്നു.