
സിഡ്‌നി: ചൈനീസ് സൈന്യത്തെ പരിശീലിപ്പിക്കാൻ തങ്ങളുടെ പൈലറ്റുമാരെ ചൈന റിക്രൂട്ട് ചെയ്യുന്നതിനെതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് ബ്രിട്ടൺ അറിയിച്ചതിനു പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് ഓസ്ട്രേലിയയും. ചൈനീസ് സൈന്യത്തിന്റെ പരിശീലകരായി തങ്ങളുടെ മുൻ പൈലറ്റുമാർ നിയമിക്കപ്പെടുന്നുണ്ടെന്ന് ലഭിച്ച റിപ്പോർട്ടിൽ സൈന്യം അന്വേഷണം നടത്തുമെന്ന് ഓസ്ട്രേലിയൻ പ്രതിരോധ മന്ത്റി റിച്ചാർഡ് മാർലസ് അറിയിച്ചു. ചൈനയിൽ പ്രവർത്തിക്കുന്ന സൗത്ത് ആഫ്രിക്കൻ ഫ്ലൈറ്റ് സ്‌കൂളുകളിലേക്ക് മുൻ ഓസ്‌ട്രേലിയൻ സൈനിക പൈലറ്റുമാർ റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെന്ന ലഭിച്ച സൂചനകളെക്കുറിച്ചും അന്വേഷിക്കും. സ്വന്തം രാജ്യത്തെ സേവിക്കുന്നതിനു പുറമേ വിദേശ രാജ്യത്തു നിന്നുള്ള പ്രതിഫലത്തിൽ പ്രലോഭിക്കപ്പെടുന്ന ഉദ്യോഗസ്ഥർ ഉണ്ടെന്ന് കേൾക്കുമ്പോൾ താൻ അഗാധമായി ഞെട്ടുകയും അസ്വസ്ഥനാകുകയും ചെയ്യുന്നു എന്നും റിപ്പോർട്ടുകൾ അന്വേഷിക്കാനും വിഷയത്തിൽ വ്യക്തത വരുത്താനും വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാർലസ് പറഞ്ഞു.
സൈന്യത്തെ പരിശീലിപ്പിക്കുന്നതിനായി നിലവിൽ സേവനം അനുഷ്ഠിക്കുകയും വിരമിക്കുകയും ചെയ്ത ബ്രിട്ടീഷ് പൈലറ്റുമാരെ ചൈന റിക്രൂട്ട് ചെയ്യുന്നതിനെ തടയുമെന്ന് ബ്രിട്ടീഷ് സർക്കാർ ചൊവ്വാഴ്ചയാണ് വ്യക്തമാക്കിയത്. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയെ പരിശീലിപ്പിക്കാൻ 30 മുൻ സൈനിക പൈലറ്റുമാർ പോയതായി ബി.ബി.സി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശീലകരായി പോയ ബ്രിട്ടീഷ് പൈലറ്റുമാർ ഔദ്യോഗിക രഹസ്യ നിയമപ്രകാരവും ദേശീയ സുരക്ഷാ ബില്ലിന്റെ അടിസ്ഥാനത്തിലും നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്റാലയം ട്വിറ്ററിലൂടെ അറിയിച്ചു.
ചൈനയിൽ പരിശീലനം നൽകാൻ ഓസ്ട്രേലിയൻ പൈലറ്റുമാരെ നിയമിച്ചിട്ടുണ്ടോ എന്ന റോയിട്ടേഴ്‌സിന്റെ ചോദ്യത്തോട് ദക്ഷിണാഫ്രിക്കൻ കമ്പനിയായ ടെസ്റ്റ് ഫ്‌ളൈയിംഗ് അക്കാദമി ഒഫ് സൗത്ത് ആഫ്രിക്ക (ടി.എഫ്.എ.എസ് )പ്രതികരിച്ചില്ല. എന്നാൽ, സൊസൈറ്റി ഒഫ് എക്‌സ്പിരിമെന്റൽ ടെസ്റ്റ് പൈലറ്റ്സുമായി (എസ്.ഇ.ടി.പി) ബന്ധപ്പെട്ട് ഫാർ ഈസ്റ്റ് ഏഷ്യയിലെ അജ്ഞാതസ്ഥലത്ത് പരിശീലനം നൽകുന്നതിനായി നാല് വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിരവധി ഫിക്‌സഡ് വിംഗിനേയും ഹെലികോപ്ടർ ടെസ്റ്റ് പൈലറ്റ് പരിശീലകരെയും അന്വേഷിക്കുന്നതായി ടി.എഫ്.എ.എസ് അറിയിച്ചു. യു.എസിലെയോ ബ്രിട്ടണിലെയോ മിലിട്ടറി ടെസ്റ്റ് ഫ്ലൈറ്റ് സ്‌കൂളുകളിൽ നിന്ന് ബിരുദം നേടിയവരെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിശീലകരായി പോയ ആരെയും തനിക്കറിയില്ലെന്നും പക്ഷേ, അവർ വെസ്റ്റേൺ ഫൈവ് ഐസ് ടെസ്റ്റ് പൈലറ്റുമാരെ ലക്ഷ്യമിടുന്നുണ്ടെന്നും ബ്രിട്ടൺ, ഓസ്ട്രലിയ, കാനഡ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലെ രഹസ്യാന്വേഷണ സംഘത്തെ പരാമർശിച്ച് ഓസ്ട്രേലിയയിൽ നിന്നുള്ള എസ്.ഇ.ടി.പി അംഗം റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ചൈനയിലെ ഏറ്റവും വലിയ പൊതുമേഖലാ എയറോനോട്ടിക് കമ്പനികളിലൊന്നായ എ.വി.ഐ.സിയുമായി ചേർന്ന് ദക്ഷിണാഫ്രിക്കയിൽ ചൈനീസ് എയർലൈൻ പൈലറ്റുമാർക്കായി ഒരു ഫ്ളൈറ്റ് സ്‌കൂളും ടി.എഫ്.എ.എസ്.എ നടത്തുന്നുണ്ട്.