stabbed-

മലപ്പുറം: മഞ്ചേരിയിൽ ഭാര്യ ഭർത്താവിനെ കറിക്കത്തികൊണ്ട് കുത്തികൊലപ്പെടുത്തി. കോഴിക്കാട്ട്‌കുന്നിൽ നാരങ്ങാതൊടി കുഞ്ഞിമുഹമ്മദ് (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ നഫീസയെ കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.

ദമ്പതിമാർ തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. വാക്കുതർക്കത്തിനിടെ നഫീസ കറിക്കത്തിയെടുത്ത് ഭർത്താവിനെ കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ അയൽക്കാർ കുത്തേറ്റ നിലയിൽ കിടക്കുകയായിരുന്ന കുഞ്ഞിമുഹമ്മദിനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം.

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. നഫീസയും കുഞ്ഞിമുഹമ്മദും പതിവായി വഴക്കിട്ടിരുന്നതായി അയൽക്കാർ പറയുന്നു. നഫീസയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.