
പുതിയ നായികയായി ഭാമ
നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന മദനോത്സവം എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവൻ, സുധി കോപ്പ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വർഷങ്ങൾക്ക് മുൻപ് കമൽഹാസൻ, സറീന വഹാബ്, ജയൻ എന്നിവർ അഭിനയിച്ച് എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത മദനോത്സവവുമായി പുതിയ മദനോത്സവത്തിന് ബന്ധമില്ല. കാസർകോട് ഇന്ന് ചിത്രീകരണം ആരംഭിക്കുന്ന മദനോത്സവത്തിൽ പുതുമുഖം ഭാമ ആണ് നായിക.
ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നു. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം, ന്നാ താൻ കേസ് കൊട് എന്നീ ചിത്രങ്ങളിൽ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു സുധീഷ് ഗോപിനാഥ്.  ഛായാഗ്രഹണം ഷഹനാദ് ജലാൽ. ക്രിയേറ്റിവ് പ്രൊഡ്യൂസർ ജെയ്.കെ, പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ, എഡിറ്റർ വിവേക് ഹർഷൻ, സംഗീതം ക്രിസ്റ്റോ സേവ്യർ, ലിറിക്സ് വൈശാഖ് സുഗുണൻ, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ.അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമാണം. പി. ആർ. ഒ പ്രതീഷ് ശേഖർ.