bernard-arnault-private-j

പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതെ മൊബൈലിൽ എപ്പോഴും തോണ്ടിക്കൊണ്ടിരിക്കുന്നവരുടെ ഇപ്പോഴത്തെ ഒരു ഹോബിയാണ് സമ്പന്നർ സഞ്ചരിക്കുന്ന സ്വകാര്യ ജെറ്റുകൾ ട്രാക്ക് ചെയ്യുക. എലോൺ മസ്‌കിന്റെ വിമാനങ്ങൾ ഇത്തരത്തിൽ ട്രാക്ക് ചെയ്യപ്പെടുന്നതിനെ കുറിച്ച് നിരവധി റിപ്പോർട്ടുകൾ അടുത്തിടെ പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ ആരാധകരുടെ ഈ സ്വഭാവം കാരണം സ്വന്തം ജെറ്റ് വിൽക്കേണ്ടി വന്ന അവസ്ഥയാണ് എൽവിഎംഎച്ച് സിഇഒ ബെർണാഡ് അർനോൾട്ടിന് പങ്കുവയ്ക്കാനുള്ളത്. സ്വകാര്യത നഷ്ടമായതോടെ ശല്യം സഹിക്കാൻ വയ്യാതെ സ്വകാര്യ ജെറ്റ് വിറ്റ അർനോൾട്ട് ഇപ്പോൾ സ്വകാര്യ വിമാനങ്ങൾ വാടകയ്‌ക്കെടുത്ത് അതിലാണ് യാത്ര ചെയ്യുന്നത്.

വിമാനങ്ങൾ വാടകയ്‌ക്കെടുക്കുന്നതിനാൽ താൻ എവിടേക്കാണ് പോകുന്നതെന്ന് ആർക്കും കാണാൻ കഴിയില്ലെന്നാണ് ഈ സംഭവത്തെ കുറിച്ച് 73കാരനായ കോടീശ്വരൻ പറയുന്നത്. ആഴ്ചകൾക്ക് മുൻപ് അർനോൾട്ടിന്റെ സ്വകാര്യ ജെറ്റിന്റെ രജിസ്‌ട്രേഷൻ ഫ്രാൻസിൽ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആകാശ യാത്രയ്ക്ക് താൻ വിമാനങ്ങൾ വാടകയ്ക്ക് എടുക്കാൻ ആരംഭിച്ചതെന്ന് കോടീശ്വരൻ വെളിപ്പെടുത്തിയത്. ഫ്‌ളൈറ്റ് ഡാറ്റ ട്രാക്ക് ചെയ്യുകയും പങ്കിടുകയും ചെയ്യുന്ന നിരവധി ട്വിറ്റർ അക്കൗണ്ടുകളാണ് അടുത്തിടെ പ്രത്യക്ഷപ്പെട്ടത്. എലോൺ മസ്‌ക്, ടെയ്ലർ സ്വിഫ്റ്റ് എന്നിവരെപ്പോലുള്ളവരുടെ യാത്രകൾ ഇതിലൂടെ പരസ്യമാക്കുകയാണ് ആളുകളുടെ വിനോദം.