
തിരുവനന്തപുരം: ഇനി സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്താൽ കുടുംബശ്രീയുടെ 'ക്രൈം മാപ്പിംഗ് സ്പോട്ടി"ൽ കുടുങ്ങും. സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടഞ്ഞ് സ്ത്രീ സൗഹൃദ പ്രാദേശിക ഇടം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതിയാണ് 'ക്രൈം സ്പോട്ട് മാപ്പിംഗ്".
2022 ഫെബ്രുവരിയിലാണ് 14 ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 152 പഞ്ചായത്തുകളിൽ ക്രൈം സ്പോട്ട് മാപ്പിംഗ് സർവേ നടപടി ആരംഭിച്ചത്. അക്രമി ഏതു തരമാണ്, വീട്ടിനുള്ളിലാണോ പുറത്താണോ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്, മാനസികമായും ശാരീരികമായും സാമ്പത്തികമായും ലൈംഗികമായും സാമൂഹികമായും വാചികമായുമൊക്കെ ചൂഷണങ്ങൾ നടക്കുന്നുണ്ടോ തുടങ്ങി വിവിധ തലങ്ങളിലാണ് കുടുംബശ്രീ അധികൃതരുടെ നേതൃത്വത്തിൽ സർവേ നടത്തിയത്. തിരുവനന്തപുരത്ത് 11 പഞ്ചായത്തുകളിലായി നടന്ന ആദ്യഘട്ട സർവേ കഴിഞ്ഞ ദിവസം പൂർത്തിയായി.
അഞ്ചുതെങ്ങ്, പോത്തൻകോട്, വാമനപുരം, പാറശാല, ബാലരാമപുരം, വെട്ടൂർ, കാഞ്ഞിരംകുളം, പൂവച്ചൽ, നഗരൂർ, അരുവിക്കര, ആര്യങ്കോട് എന്നീ പ്രദേശങ്ങളിലായിരുന്നു സർവേ നടന്നത്. സർവേകൾ ക്രോഡീകരിച്ച് ഒരുമാസത്തിനകം തദ്ദേശസ്ഥാപനത്തിന് റിപ്പോർട്ട് സമർപ്പിക്കും. കേന്ദ്ര സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിനായ 'നാശാ മുക്ത് പദ്ധതി"യുടെ ഭാഗമായി അടുത്ത വർഷത്തോടെ മുഴുവൻ പഞ്ചായത്തുകളിലും പദ്ധതി വ്യാപിപ്പിക്കും. കുറ്റം ചെയ്തതിന് ശേഷം നടപടി എന്നതിൽ നിന്ന് മാറി കുറ്റകൃത്യങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത കണ്ടെത്തി തടയാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. കുറ്റകൃത്യത്തിന്റെ സ്ഥാനം,സ്വഭാവം, തീവ്രത, സമയം,വിശദാംശങ്ങൾ എന്നിവയും കുടുംബശ്രീ പ്രവർത്തകർ രേഖപ്പെടുത്തും. തദ്ദേശ സ്ഥാപനത്തിന് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകും.