
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി സാമൂഹിക പ്രവർത്തക ദയാബായി നടത്തിവന്ന നിരാഹാരസമരം താത്കാലികമായി അവസാനിപ്പിച്ചു. നിലവിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുമെന്ന വിശ്വാസത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ദയാബായി പറഞ്ഞു. മന്ത്രിമാരായ വീണാ ജോർജും ആർ ബിന്ദുവും ജനറൽ ആശുപത്രിയിലെത്തി ദയാബായിയെ കണ്ടു. മന്ത്രിമാർ ചേർന്ന് വെള്ളം നൽകിയാണ് സമരം അവസാനിപ്പിച്ചത്.
ദയാബായിയുടെ സമരം അവസാനിച്ചതായി മന്ത്രിമാർ പ്രതികരിച്ചു. സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിച്ചതായും ഇരുവരും വ്യക്തമാക്കി. അതേസമയം, എയിംസ് അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമാകേണ്ടതുണ്ടെന്ന് ദയാബായി പറഞ്ഞു. സമരത്തിന്റെ ആവശ്യങ്ങൾ നമുക്കൊന്നിച്ച് നേടിയെടുക്കാമെന്ന് വീണാ ജോർജ് ദയാബായിയെ അറിയിച്ചു. എൻഡോസൾഫാൻ ദുരിതബാധിതരോടും അവരുടെ കുടുംബങ്ങളോടും അനുഭാവപൂർവമായ നിലപാടാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്നും അവർ പറഞ്ഞു. എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാമെന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ആർ ബിന്ദു വ്യക്തമാക്കി.
വിഷയവുമായി ബന്ധപ്പെട്ട് വ്യക്തമായ ചർച്ചകളാണ് നടത്തിയതെന്ന് വീണാ ജോർജ് പറഞ്ഞു. ഇത് രേഖാമൂലം നൽകിയിട്ടുണ്ട്. ഇതിൽ ചില അവ്യക്തതകൾ ഉണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സമരസമിതിയുമായും ദയാബായിയുമായും ആശയവിനിമയം നടത്തിയെന്നും ചർച്ചചെയ്ത കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ പതിനേഴ് ദിവസമായി സെക്രട്ടറിയേറ്റ് നടയിൽ സമരം നടത്തിവരികയായിരുന്നു ദയാബായി.