
ടൊറന്റോ: ഓൺലൈനിലൂടെ ബുക്ക് ചെയ്താൽ ആവശ്യക്കാർക്ക് കഞ്ചാവ് ഇനി മുന്നിലെത്തും. ഓൺലൈൻ സൗകര്യത്തിലൂടെ കഞ്ചാവ് വിൽക്കാൻ ഒരുങ്ങുകയാണ് കാനഡയിലെ ഊബർ ഈറ്റ്സ്. ഓൺലൈൻ വഴി കഞ്ചാവ് വിതരണം ചെയ്യുന്ന ലീഫിലുമായി സഹകരിച്ച് നിയമാനുസൃതമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് ഊബർ ഈറ്റ്സ് ജനറൽ മാനേജർ ലോല കസിം പറഞ്ഞു. നവംബർ ഒന്നിന് കാനഡയിലെ ടൊറന്റോയിലാണ് സേവനം ആദ്യം ആരംഭിക്കുന്നത്. പിന്നീട് ഇത് മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.
എന്നാൽ, ഓൺലൈനായി കഞ്ചാവ് വാങ്ങുന്നതിന് പ്രത്യേകം അനുമതി വാങ്ങുകയും ടൊറോന്റോയിലെ താമസക്കാർ ഊബർ ഈറ്റ്സ് ആപ്പ് എടുക്കുകയും വേണം. ഓർഡർ ചെയ്യുന്ന ആൾക്ക് കുറഞ്ഞത് 19 വയസെങ്കിലും വേണമെന്ന് നിബന്ധനയും ഉണ്ട്. ആപ്പിൽ എവിടെ നിന്നാണ് കഞ്ചാവ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഉണ്ട്.
ലീഫ്‌ലി പോലുള്ളവയുമായി സഹകരിച്ച് റീട്ടെയിലർമാരെ കഞ്ചാവ് വില്പനയ്ക്ക് സഹായിക്കുകയാണ് ഞങ്ങൾ. ഇതിലൂടെ ടൊറന്റോയിലെ ജനങ്ങൾക്ക് നിയമാനുസൃതമായി തന്നെ കഞ്ചാവ് വീട്ടിൽ എത്തും. കഞ്ചാവ് ഉപയോഗിച്ച ശേഷം ആളുകൾ വാഹനം ഓടിച്ച് പോകുന്നത് പോലുള്ള അപകടങ്ങൾ ഒരുപരിധി വരെ ഇല്ലാതാക്കാൻ സാധിക്കും. ഇതിലൂടെ നിയമവിരുദ്ധമായ കഞ്ചാവ് വില്പന തടയാൻ കഴിയുമെന്നും ലോല കസിം പറഞ്ഞു.