aiadmk

ചെന്നൈ: മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവത്തെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തു നിന്നും, അദ്ദേഹത്തിന്റെ ഇരിപ്പിടം പ്രതിപക്ഷ നേതാവിന്റെ കസേരക്ക് സമീപത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിൽ പ്രതിപക്ഷ പ്രതിഷേധം. ചെന്നൈ വെള്ളുവർകോട്ടത്ത് നിരോധനം മറികടന്നു സമരം ചെയ്ത പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു.

തമിഴ്നാട് നിയമസഭാ സമ്മേളത്തിനിടെയായിരുന്നു സംഭവം. എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്താക്കിയ ഒ. പനീർശെൽവത്തെ മാറ്റി ആർ.ബി. ഉദയകുമാറിനെ പ്രതിപക്ഷ ഉപനേതാവാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർ എം. അപ്പാവിന് കത്ത് നൽകിയിരുന്നു. ഇത് അംഗീകരിക്കാത്തതിനെ തുടർന്നാണ് എടപ്പാടി അടക്കമുള്ളവർ സർക്കാരിനും ഡി.എം.കെയ്‌ക്കുമെതിരെ സമരം നടത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രമണിഞ്ഞാണ് എ.ഐ.എ.ഡി.എം.കെ അംഗങ്ങൾ സഭയിലെത്തിയത്. ആവശ്യം സ്‌പീക്കർ നിരാകരിച്ചതോടെയാണ് ചരിത്രപ്രസിദ്ധമായ വള്ളുവർ കോട്ടത്ത് ഉപവാസം നടത്തിയത്. എന്നാൽ അനുമതിയില്ലാതെ പ്രതിഷേധിച്ചതിനെ തുടർന്നാണ് പ്രതിപക്ഷ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേത്തുടർന്ന് പ്രതിഷേധിച്ച നൂറുകണക്കിന് പാർട്ടിപ്രവർത്തകരെ രാജരത്‌നം സ്റ്റേഡിയത്തിലേക്ക് മാറ്റി. അതേസമയം ഒ. പനീർസെൽവത്തിലൂടെ എ.ഐ.എ.ഡി.എം.കെയെ തകർക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ശ്രമിക്കുകയാണെന്ന് എടപ്പാടി പളനിസാമി ആരോപിച്ചു.

അതേസമയം ആവശ്യങ്ങൾ സ്‌പീക്കർ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് എ.ഐ.എ.ഡി.എം.കെ അറിയിച്ചു.