crued

മോസ്കോ: ഇന്ത്യയ്ക്കു നൽകുന്ന അതേ വിലയ്ക്ക് ക്രൂഡ് ഓയിൽ നൽകണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട് പാകിസ്ഥാൻ. ഔദ്യോഗിക സന്ദർശനത്തിനായി മോസ്കോയിലെത്തിയ പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദ‌റാണ് റഷ്യയോട് ആവശ്യമുന്നയിച്ചത്. റഷ്യയുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും വെള്ളപ്പൊക്കത്താലും മറ്റും തകർച്ച നേരിടുന്ന പാകിസ്ഥാന് റഷ്യയുടെ സഹായം വേണമെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ-യുക്രെയിൻ യുദ്ധം തുടങ്ങിയ സമയമാണ് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ റഷ്യ സന്ദർശിച്ചത്. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യവും അന്ന് ഇമ്രാൻ ഖാനുണ്ടായിരുന്നു. ഇന്ത്യയ്ക്ക് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ നൽകുന്നതിനെ അന്ന് അദ്ദേഹം പ്രകീർത്തിക്കുകയും ചെയ്തിരുന്നു. ക്രൂഡ് ഓയിലിനു പുറമേ റഷ്യയിൽ നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യാനും പാകിസ്ഥാൻ ആലോചിക്കുന്നുണ്ട്. എന്നാൽ ഇമ്രാൻ ഖാൻ റഷ്യൻ സന്ദർശനം നടത്തിയതും ച‌ർച്ചകൾ നടത്തിയതും അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. അമേരിക്കയുമായുള്ള പാകിസ്ഥാൻ ബന്ധം വഷളാണെന്നതിനുള്ള ഏറ്റവും പുതിയ സൂചനയാണ് അടുത്തിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പാകിസ്ഥാൻ ഏറ്റവും അപകടകാരിയായ രാജ്യമാണെന്ന പരാമ‌ർശം.

ലോകത്ത് ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ 35-ാം സ്ഥാനത്താണ് പാകിസ്ഥാനുള്ളത്. 2020-21 കാലഘട്ടത്തിൽ 1.92 ബില്യൺ ഡോളറിന്റെ ക്രൂഡ് ഓയിലാണ് പാകിസ്ഥാൻ ഇറക്കുമതി ചെയ്തത്.