
ന്യൂഡൽഹി: കോൺഗ്രസ് ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം പ്രതികരണവുമായി മല്ലികാർജുന ഖാർഗെയും ശശി തരൂരും. കേന്ദ്ര സർക്കാരിന് നേരെ രൂക്ഷ വിമർശനമുന്നയിച്ചാണ് ഖാർഗെ തന്റെ വിജയത്തിന് ശേഷം പ്രതികരിച്ചത്. 'സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തിന്റെ ജനാധിപത്യത്തെ കോൺഗ്രസ് ശക്തിപ്പെടുത്തി. രാജ്യവ്യാപകമായി തിരഞ്ഞെടുപ്പ് നടത്തി കോൺഗ്രസ് ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്. ഇന്ന് എല്ലാ സ്ഥാപനങ്ങളും തകർക്കപ്പെടുകയാണ്. ജനാധിപത്യം അപകടത്തിലാണ്.' ഖാർഗെ പറഞ്ഞു. ശശി തരൂരിനെ കണ്ട് പാർട്ടി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നതിൽ ചർച്ച നടത്തിയതായും തരൂരിനെയും ഒപ്പം നിർത്തിയാകും ഇനി പ്രവർത്തിക്കുകയെന്നും ഖാർഗെ പറഞ്ഞു. സോണിയാഗാന്ധിയ്‌ക്കും പിന്തുണച്ചവർക്കും നന്ദി പറഞ്ഞ ഖാർഗെ, സോണിയാ ഗാന്ധിയുടെ ത്യാഗമാണ് ഈ പദവിയെന്നും അഭിപ്രായപ്പെട്ടു.
അതേസമയം ഖാർഗെയുടെ വിജയം കോൺഗ്രസ് പാർട്ടിയുടെ വിജയമാണെന്ന് ശശി തരൂർ പ്രതികരിച്ചു. ഖാർഗെയെ നേരിൽകണ്ട് അദ്ദേഹം അഭിനന്ദിച്ചു. വിമതനായല്ല താൻ മത്സരിച്ചതെന്നും പാർട്ടിയിൽ തനിക്ക് വലിയ പിന്തുണ കിട്ടിയെന്നും അതിൽ നന്ദിയുണ്ടെന്നും തരൂർ പറഞ്ഞു. പാർട്ടിയിലെ പ്രധാന നേതാക്കളെല്ലാം ഖാർഗെയ്‌ക്കൊപ്പമായിരുന്നെന്നും ആയിരത്തോളം വോട്ടുകൾ തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചതായും അത് ലഭിച്ചെന്നും തരൂർ പ്രതികരിച്ചു. ബൗൺസുളള ട്രാക്കിലാണ് മത്സരിച്ചതെന്നും പിച്ച് ടാംപറിംഗ് ഇല്ലാതെ നോക്കാനായിരുന്നു അതെന്നാണ് മുൻപ് തരൂർ മത്സരത്തെക്കുറിച്ച് പറഞ്ഞത്. തന്റെ ഭാവിയോ പദവിയോ ഓർത്തല്ല മത്സരിച്ചതെന്നും പാർട്ടിയുടെയും രാജ്യത്തിന്റെയും ഭാവിയ്‌ക്കായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.