liss

ലണ്ടൻ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ ബ്രിട്ടണെ രക്ഷിക്കാനും തന്റെ നേതൃസ്ഥാനം ഉറപ്പിക്കാനും ശ്രമിക്കുന്ന ലിസ് ട്രസിനു മുന്നിൽ വാതിലുകൾ അടയുന്ന സൂചനയാണ് പുറത്തുവരുന്നത്. കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ തന്നെ ലിസിനുള്ള പിന്തുണ പിൻവലിക്കാനും പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുമുള്ള ശ്രമങ്ങൾ നടത്തിത്തുടങ്ങി. ഈ സമയത്ത് ബ്രിട്ടന്റെ നേതൃസ്ഥാനത്തേയ്ക്ക് പലരുടേയും പേരുകൾ ഉയർന്നു കേൾക്കുന്നു. ഇതിനിടെ യു.കെയിലെ അടുത്ത തിരഞ്ഞെടുപ്പിലേക്ക് കൺസർവേറ്റീവുകളെ നയിക്കുമെന്ന് ലിസ് വ്യക്തമാക്കിയിരുന്നു. ബ്രിട്ടണിന്റെ നേതൃ സ്ഥാനത്തേക്ക് നിരവധി പേരുകളാണ് ഈ ഘട്ടത്തിൽ ഉയർന്നു കേൾക്കുന്നത്. ‌

ഋഷി സുനാക്

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലിസിനോട് പരാജയപ്പെട്ടെങ്കിലും ഇനിയൊരു തിരഞ്ഞെടുപ്പ് അഭിമുഖീകരിച്ചാലും ആദ്യം ഉയർന്നു കേൾക്കുന്ന പേര് ഋഷി സുനാക് എന്ന ഇന്ത്യൻ വംശജന്റേതാണ്. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങൾ രാജ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഋഷി പലതവണ മുന്നറിയിപ്പ് നൽകിയതാണ്. ഋഷി സുനാക്കിന്റെ കാഴ്ചപ്പാട് ശരിയായിരുന്നു എന്ന് ബ്രിട്ടൺ ജനത സമ്മതിച്ചിരിക്കുകയാണ്. അദ്ദേഹം പറഞ്ഞതു പോലെ നികുതി വെട്ടിക്കുറച്ച നയങ്ങൾ സർക്കാരിന് പിൻവലിക്കേണ്ടി വന്നു. ലിസിനു ശേഷം നേതൃ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്ന ആദ്യ പേരുകളിലൊന്ന് ഋഷി സുനാക്കിന്റേതാണ്. എന്നാൽ,​ അദ്ദേഹത്തിനെതിരെയും പാർട്ടിയിൽ ശബ്ദങ്ങൾ ഉയരുന്നുണ്ട്.

ബോറിസ് ജോൺസൺ

പാർട്ടിക്കുള്ളിൽ തന്നെ പല ചേരിതിരിവുകൾ ഉടലെടുത്ത സാഹചര്യത്തിൽ നേതൃസ്ഥാനത്തേയ്ക്ക് വീണ്ടും ബോറിസ് ജോൺസണിന്റെ പേര് നിർദ്ദേശിക്കുന്നവരും കുറവല്ല. ശക്തമായ തിരിച്ചുവരവിനുള്ള ശ്രമങ്ങൾ നടത്തുന്നതിന്റെ സൂചനകൾ അദ്ദേഹം തന്നെ നൽകിയിട്ടുണ്ട്. ജനങ്ങൾക്കിടയിലൊരു വിഭാഗം ഇപ്പോഴും അദ്ദേഹത്തെ നേതാവായി കാണാൻ ആഗ്രഹിക്കുന്നു. എന്നാൽ അടുത്തിടെ നടന്ന ഒരു സർവേയിൽ മൂന്നിൽ രണ്ടു പേരും അദ്ദേഹത്തെ പ്രതികൂലിച്ചു എന്നതും ശ്രദ്ധേയമാണ്.

ജെറമി ഹണ്ട്

ലിസ് ട്രസ് മന്ത്രി സഭയിലെ മുൻ വിദേശ കാര്യമന്ത്രിയും നിലവിലെ ധനമന്ത്രിയുമായ ജെറമി ഹണ്ട് പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരും കുറവല്ല. ധനമന്ത്രിയായ ശേഷം വിവാദമായ സാമ്പത്തിക നയങ്ങൾ പിൻവലിച്ചതോടെ ജെറമി ഹണ്ടിനുള്ള പിന്തുണ ഏറെ വ‌ർദ്ധിച്ചിട്ടുണ്ട്. ലിസിനെ പുറത്താക്കാൻ കൺസർവേറ്രീവ് പാർട്ടിക്കുള്ളിൽ നിന്ന് ശക്തമായ നീക്കങ്ങൾ നടക്കുമ്പോൾ ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കുന്നത് ജെറമി ഹണ്ടിനാണ്.

പെന്നി മോർഡണ്ട്

ലിസ് ട്രസിന്റെ പിൻഗാമിയായി ഹൗസ് ഒഫ് കോമൺസ് നേതാവായ പെന്നി മോർഡണ്ടിന്റെ പേരും പുറത്തുവരുന്നുണ്ട്. മുൻ പ്രതിരോധ, വ്യാപാര മന്ത്രിസ്ഥാനം വഹിച്ച ശക്തമായ ജനപ്രീതിയുള്ള വ്യക്തി കൂടിയാണ് പെന്നി. എന്നാൽ കൺസർവേറ്രീവ് പാർട്ടിക്കുള്ളിൽ നിന്നു തന്നെ പെന്നി ചില എതിർപ്പുകൾ നേരിടുന്ന സാഹചര്യവും നിലനിൽക്കുന്നു. സമീപകാല സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പ്രതിപക്ഷത്തിന്റെ ചോദ്യത്തെ പാർലമെന്റിൽ നേരിട്ടതിനു ശേഷം ചില എതിർപ്പുകൾ പെന്നിക്കെതിരെ ഉയർന്നിരുന്നു.