arif-muhammad-khan

തിരുവനന്തപുരം: കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച് രാജ്ഭവൻ നേരിട്ട് ഉത്തരവിറക്കി. സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഇന്ന് ഉത്തരവ് ഇറക്കണമെന്ന് ഗവർണർ കേരള വി.സിക്ക് അന്ത്യശാസനം നൽകിയിരുന്നു, ഇത് വി.സി തള്ളിയതിന് പിന്നാലെയാണ് രാജ്ഭവന്റെ അസാധാരണ നടപടി. ഗസറ്റ് വിജ്ഞാപനം ഇറക്കിയ രാജ്ഭവൻ ഇക്കാര്യം വൈസ് ചാൻസലറെ അറിയിച്ചിട്ടുണ്ട്.

സെനറ്റ് യോഗത്തിൽ ക്വോറം തികയ്‌ക്കാതെ തന്നെ കബളിപ്പിച്ച 15 സെനറ്റംഗങ്ങളെയും പുറത്താക്കിയ ഉത്തരവ് ഇന്ന് തന്നെ നടപ്പാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വി,​സിക്ക് . അന്ത്യശാസനം നൽകിയിരുന്നു. സർവകലാശാലയുടെ ഭരണത്തലവൻ താനാണെന്നും തന്റെ ഉത്തരവ് ഉടൻ നടപ്പാക്കിയിരിക്കണമെന്നുമാണ് ഗവർണർ വി.സിക്ക് നൽകിയ അന്ത്യശാസനം. ഗവർണറുടെ എല്ലാ ഉത്തരവുകളിലും സെക്രട്ടറിയാണ് ഒപ്പിടുന്നത്. വൈസ്ചാൻസലറെ നിയമിച്ചും, സെനറ്റംഗങ്ങളെയടക്കം നാമനിർദ്ദേശം ചെയ്തുമുള്ള ഉത്തരവുകളിലെല്ലാം ഒപ്പിടുന്നത് സെക്രട്ടറി തന്നെയെന്നും ഗവർണർ വ്യക്തമാക്കി. നിയമ വിരുദ്ധമാണ് പുറത്താക്കലെങ്കിൽ, അവർ കോടതിയെ സമീപിക്കട്ടെ. കോടതി നിർദ്ദേശ പ്രകാരം പ്രവർത്തിക്കാൻ താൻ ബാദ്ധ്യസ്ഥനാണ്. എക്സ് ഒഫിഷ്യോ അംഗങ്ങളായ വകുപ്പു മേധാവികളെ പി. സദാശിവം ഗവർണറായിരിക്കെ നാമനിർദ്ദേശം ചെയ്തതാണ്. ഇവരെ മാറ്റി പുതിയ മേധാവികളെ നിയോഗിക്കാൻ തനിക്ക് അധികാരമുണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി.