
ആവശ്യത്തിന് പണം ചിലവഴിക്കാനില്ലാതെവരുന്ന സമയത്താണ് പലരും കടമെടുക്കുന്നത്. സ്വന്തം വരുമാനത്തെക്കാളേറെ ചിലവ് വരുമ്പോൾ പ്രയാസങ്ങളകലാൻ കടമെടുക്കുന്നു. പിന്നെയത് ഉളള സ്വത്ത് കൂടി നഷ്‌ടമാകുന്ന സ്ഥിതിയിലെത്തിക്കും. പലപ്പോഴും കടംകാരണം ഉറക്കംപോലും നഷ്‌ടമാകും. എന്നാൽ വാസ്‌തുശാസ്‌ത്ര പ്രകാരം ചില ചെറിയ മാറ്റങ്ങൾ വീട്ടിൽ വരുത്താൻ തയ്യാറായാൽ അത് കടം അകലാനും വരുമാന വർദ്ധനയ്‌ക്കും കാരണമാകുമെന്നാണ്. അവ ഏതെല്ലാമെന്നറിയാം.
വീട്ടിൽ സമാധാനമായി ഉറങ്ങുന്നത് വളരെ പ്രധാനമാണ്. കടം കാരണം വിഷമിക്കുന്ന ഒരാൾക്ക് തെക്കുപടിഞ്ഞാറൻ ദിശയിലെ മുറിയാണ് ബെഡ്‌റൂമെങ്കിൽ ഉത്തമമാണ്. അതുപോലെ ബെഡ്‌റൂമിൽ പണമോ സ്വർണമോ സൂക്ഷിക്കുന്നുണ്ടെങ്കിൽ അത് വടക്ക് കിഴക്ക് ദിശയ്‌ക്ക് അഭിമുഖമായോ തെക്കു പടിഞ്ഞാറേ ദിശയിലേക്കോ അഭിമുഖമായി സൂക്ഷിക്കണം. ഇത് വരുമാനം കുമിഞ്ഞുകൂടാൻ തന്നെ സഹായിക്കുമെന്നാണ് വാസ്‌തുശാസ്‌ത്ര വിധി.
ചൈനീസ് വാസ്‌തുശാസ്‌ത്രമനുസരിച്ച് നമ്മുടെ നാട്ടിൽ പലരും ബുദ്ധവിഗ്രഹങ്ങളും വായിൽ നാണയമുളള തവളയെയും എല്ലാം പ്രത്യേക ദിശയിലേക്ക് തിരിച്ചുവയ്‌ക്കാറുണ്ട്. എന്നാൽ കുബേരന്റെയോ ലക്ഷ്‌മീ ഭഗവതിയുടേയോ വിഗ്രഹം വീട്ടിൽ വച്ച് ആരാധിച്ചുനോക്കിയാലും സമ്പത്ത് വർദ്ധിക്കാനിടയാകുമെന്നാണ് പറയപ്പെടുന്നത്.
വീടിന്റെ പണി തുടങ്ങുന്ന സമയം തന്നെ വീട്ടിൽ ബാദ്ധ്യതയുണ്ടാകാതെ ജീവിക്കാൻ പ്രധാനമാണ്. മഴവെളളം വടക്കേ ദിശയിലേക്ക് പോകുന്ന തരത്തിൽ വേണം വീട് നിർമ്മിക്കാൻ വീടിന് മതിൽ ആകാം. എന്നാൽ അവയ്‌ക്ക് അധികം ഉയരം വേണ്ട. മതിലിന് ഉയരംകൂടുന്നത് സമ്പത്തിനെ തടയും. ജനലും വാതിലും ബെഡ്‌റൂമിന്റെ തെക്കുപടിഞ്ഞാറോ വടക്കുപടിഞ്ഞാറോ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരത്തിൽ വിധികളനുസരിച്ച ശേഷം ശ്രദ്ധയോടെ ശ്രമിച്ചാൽ കടം മാറി സമ്പത്ത് കൈകളിലെത്തും.