
പാട്ന : ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ വീണ്ടും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്ന് വെളിപ്പെടുത്തി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. രാഷ്ട്രീയ രംഗപ്രവേശനത്തിന്റെ ഭാഗമായി ബീഹാറിൽ നടത്തുന്ന പദയാത്രയ്ക്കിടെയാണ് വാർത്താ ഏജൻസിയോട് പ്രശാന്ത് കിഷോർ ഇക്കാര്യം പറഞ്ഞത്. അതേസമയം ജെ.ഡി.യു ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
ബി.ജെ.പിയുമായി നിതീഷ് ചർച്ച തുടരുകയാണ്. ജെ.ഡി.യു എം.പിയും രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സനുമായ ഹരിവംശ് ആണ് ഇതിനു മദ്ധ്യസ്ഥത വഹിക്കുന്നത്''പ്രശാന്ത് പറഞ്ഞു. നിതീഷ് കുമാർ ബി.ജെ.പിക്കെതിരെ സജീവസഖ്യം രൂപീകരിക്കുമെന്ന് കരുതുന്നവരെ ഞെട്ടിപ്പിക്കുന്ന വാർത്തയാണ് വരാനിരിക്കുന്നതെന്നാണ് പ്രശാന്ത് അവകാശപ്പെട്ടത്. ബീഹാറിൽ ബി.ജെ.പി സഖ്യം വിട്ടിട്ടും ഹരിവംശിനോട് രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനം രാജി വയ്ക്കാൻ ജെ.ഡി.യു ആവശ്യപ്പെടാതിരുന്നത് ചർച്ചകൾ തുടരുന്നത് കൊണ്ടാണെന്നും പ്രശാന്ത് കിഷോർ പറയുന്നു. അനുകൂലമായ സാഹചര്യം എപ്പോൾ വന്നാലും നിതിഷ് കുമാർ ബി.ജെ.പി സഖ്യത്തിലേക്ക് തിരിച്ചുപോകുമെന്നും പ്രശാന്ത് കിഷോ കൂട്ടിച്ചേർത്തു.
ആരോപണങ്ങളെക്കുറിച്ച് ഹരിവംശ് പ്രതികരിച്ചിട്ടില്ല. എന്നാൽ ജെ.ഡി.യു വക്താവ് കെ.സി. ത്യാഗി ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്, ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് പ്രശാന്ത് തെറ്റിദ്ധരണാജനകമായ പരാമർശം നടത്തിയിരിക്കുന്നതെന്ന് ത്യാഗി പറഞ്ഞു.