
ലാഹോർ: 2023ലെ ഏഷ്യാ കപ്പിൽ പങ്കെടുക്കാൻ ഇന്ത്യൻ ക്രിക്കറ്ര് ടീമിനെ പാകിസ്ഥാനിലേക്ക് അയയ്ക്കില്ലെന്നും ടൂർണമന്റ് നിഷ്പക്ഷ വേദിയിൽ നടത്തണമെന്നുമുള്ള ബി.സി.സി.ഐ സെക്രട്ടറി ജയ്ഷായുടെ പ്രസ്താവനയിൽ വിവാദം കനക്കുന്നു. 
ഏഷ്യാകപ്പ് സംബന്ധിച്ചകാര്യങ്ങൾ തീരുമാനിക്കാൻ ഉടൻ അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന് (എ.സി.സി) കത്തയച്ചതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ അറിയിച്ചു. ഷായുടെ പ്രതികരണത്തിന് പാകിസ്ഥാന്റെ ഭാഗത്തു നിന്നുള്ള ആദ്യ ഔദ്യോഗിക നീക്കമാണിത്. 
ഏഷ്യൻ ക്രിക്കറ്റ് ബോർഡുമായോ പി.സി.ബിയുമായോ ആലോചിക്കാതെ എ.സി.സി പ്രസിഡന്റുകൂടിയായ ജയ് ഷായുടെ തികച്ചും ഏകപക്ഷീയിമായുള്ള പ്രസ്താവന ഒട്ടും ശരിയായില്ലെന്നും ക്രിക്കറ്റ് സമൂഹങ്ങളിൽ ഇത് വിഭാഗീയത സൃഷ്ടിക്കും. ബി.സി.സി.ഐ പാകിസ്ഥാനിലേക്ക് ഇന്ത്യൻ ടീമിനെ അയച്ചില്ലെങ്കിൽ 2023ലെ ഏകദിന ലോകകപ്പുൾപ്പെടെ ഇന്ത്യയിൽ നടക്കുന്ന ഐ.സി.സി ടൂർണമെന്റുകളിൽ പാകിസ്ഥാൻ പങ്കെടുക്കുന്ന കാര്യവും പുനപരിശോധിക്കേണ്ടിവരുമെന്നും പ്രസ്താവനയിൽ പി.സി.ബി പറയുന്നു.