
ലോക ഓസ്റ്റിയോപൊറോസിസ് ദിനം എല്ലാ വർഷവും ഒക്ടോബർ 20 നു ആചരിക്കുന്നു. ഓസ്റ്റിയോപൊറോസിസ് പ്രതിരോധം, രോഗനിർണ്ണയം, ചികിത്സ എന്നിവെയക്കുറിച്ചുള്ള ആഗോള ബോധവത്കരണം ആണ് ഈ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം.
വൈദ്യശാസ്ത്രത്തിലെ പുരോഗമനത്തോടെ ഓസ്റ്റിയോപൊറോസിസും അതിനാൽ ഉണ്ടാകാവുന്ന എല്ലുകളിലെ ഒടിവുകളും തടയുവാനും ചികിത്സിക്കുവാനും കഴിയുന്നതാണ്.പ്രായം ഏറുന്നത് കൊണ്ടും ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോണിൽ വരുന്ന വ്യത്യാസങ്ങൾ കൊണ്ടും ഉണ്ടാകുന്ന എല്ലുകളുടെ ബലക്കുറവിനെ ആണ് ഓസ്റ്റിയോപൊറോസിസ് എന്ന് പറയുന്നത്. സ്ത്രീകളിൽ ആർത്തവ വിരാമത്തിനുശേഷം രണ്ടിൽ ഒരാൾക്ക് എന്ന നിരക്കിൽ ആണ് ഓസ്റ്റിയോപൊറോസിസ് കാരണമുള്ള എല്ലുകളിലെ ഒടിവുകൾ കാണപ്പെടുന്നത്.
എഴുപതു വയസ്സിനു ശേഷം ഓരോ അഞ്ചു വർഷത്തിലും ഇടുപ്പിലെ എല്ലുകളിൽ ഒടിവുണ്ടാകാനുള്ള സാധ്യത ഇരട്ടി ആകുന്നു.വൃക്കരോഗം, കരൾ രോഗം , വിറ്റാമിൻ ഡി യുടെ കുറവ്, ദീർഘകാല സ്റ്റിറോയ്ഡ് മരുന്ന് ഉപയോഗം കൊണ്ടും ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാം. ഓസ്റ്റിയോപൊറോസിസ് എല്ലുകളെ ദുർബലമാക്കുകയും ചെറിയ വീഴ്ചകൾ മൂലം എല്ലുകളിൽ പൊട്ടലുണ്ടാകുകയും ചെയ്യുന്നു. ഇത് ലോകമെമ്പാടുമുള്ള ആളുകളെ ബാധിക്കുന്ന ഒന്നാണെങ്കിലും പല കാരണങ്ങളാൽ ഓസ്റ്റിയോപൊറോസിസ് കാരണമുള്ള എല്ലുകളിലെ ഒടിവ് കൂടുതലായും ഇന്ത്യക്കാരിലും മറ്റു ദക്ഷിണ ഏഷ്യൻ രാജ്യക്കാരിലും ആണ് അധികമായി കാണപ്പെടുന്നത്.
ഇന്ന് ആഗോളതലത്തിൽ ഏകദേശം 200 ദശലക്ഷം ആളുകളെ ഓസ്റ്റിയോപൊറോസിസ് ബാധിച്ചതായി കണക്കാക്കപ്പെടുന്നു, അവരിൽ 50 ദശലക്ഷം ഇന്ത്യയിലാണ്. ഇന്ന് മനുഷ്യരാശിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്ന ആരോഗ്യ പ്രശ്നം ഹൃദ്രോഗമാണെങ്കിൽ , ഓസ്റ്റിയോപൊറോസിസ് ഇതിന്റെ തൊട്ടുപിന്നിൽ തന്നെയുണ്ട്.
കാരണങ്ങളും ലക്ഷണങ്ങളും
പ്രായാധിക്യം, വിറ്റാമിൻ ഡി, കാൽസ്യം, മറ്റ് അവശ്യ ധാതുക്കൾ എന്നിവയുടെ കുറവ്, കഫീൻ, മദ്യം, പുകവലി, നിഷ്‌ക്രിയമായ ജീവിതശൈലി എന്നിവയുടെ അഭാവം ഈ രോഗം പിടിപെടാനുള്ള നിങ്ങളുടെ സാദ്ധ്യതകൾ വർധിപ്പിക്കുന്നു .േൈറാക്സിൻ, കോർട്ടികോസ്റ്റീറോയിഡുകൾ, ഹെപ്പാരിൻ, ആന്റികൺവൾസന്റുകൾ, ലിഥിയം തുടങ്ങിയ ചില മരുന്നുകൾ തുടർച്ചയായി എടുക്കുന്നതും ഓസ്റ്റിയോപൊറോസിസിനു?കാരണമാകുന്നു.ഓസ്റ്റിയോപൊറോസിസ് അതിന്റെ യഥാർത്ഥ അർത്ഥത്തിൽ ഒരു നിശബ്ദ രോഗമാണ്, കാരണം ഇത് രോഗലക്ഷണങ്ങൾ ഉണ്ടാക്കില്ല. അവ്യക്തമായ നടുവേദന, ഉയരം കുറയുക അല്ലെങ്കിൽ പുറം വളഞ്ഞു പോവുക എന്നിവയാണ് രോഗത്തിന്റെ സാധാരണ ലക്ഷണങ്ങൾ.
രോഗനിർണയവും പ്രതിരോധവും
ഡ്യുവൽ എനർജി എക്സ്‌റേ അബ്‌സോർപിയോമെട്രി, സ്‌കാനിംഗ് രീതി, 65 വയസ്സിനു മുകളിലുള്ള എല്ലാ സ്ത്രീകളെയും അതുപോലെ ഒടിവുണ്ടാകാനുള്ള സാധ്യത കൂടുതലുള്ള വ്യക്തികളെയും പരിശോധിക്കാൻ വ്യക്തികൾക്കും ടെക്സ സ്‌കാൻ ചെയ്യാൻ ആരോഗ്യ സംഘടനകൾ ശുപാർശ ചെയ്യുന്നു . എഴുപതു വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ പുരുഷന്മാരെയും പരിശോധിക്കാൻ ശുപാർശകളുണ്ട്. സമീകൃതാഹാരവും സജീവമായ ജീവിതശൈലിയും പൊതുവായ അസ്ഥി ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. വ്യായാമത്തിലൂടെ ശരീരത്തിന്റെ ബാലൻസ്, ഏകോപനം, വഴക്കം എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെ വീഴ്ചകളും ഒടിവുകളും തടയാൻ സാധിക്കും.
പുകവലിയും മദ്യപാനവും ഒഴിവാക്കുന്നതിലൂടെ ഓസ്റ്റിയോപൊറോസിസിന്റെ പ്രതിരോധം ശക്തമാക്കാനാകും . ഇന്ന് നമുക്ക് അസ്ഥി രോഗ ചികിത്സയിൽ മെച്ചപ്പെട്ട ഇംപ്ലാന്റുകളും ഫിക്‌സേഷൻ ടെക്നിക്കുകളുമുണ്ട്, അതിനാൽ ഓസ്റ്റിയേപൊറോസിസ് മൂലമുള്ള എല്ലുകളിലെ ഒടിവുകൾ മികച്ച രീതിയിൽ ഓപ്പറേഷൻ ചെയ്തു ഉറപ്പിക്കാനും ഉടൻ തന്നെ രോഗിക്ക് നടക്കാനും സാധിക്കും .നിർഭാഗ്യവശാൽ, ഈ അസ്ഥിരോഗം പലപ്പോഴും അവഗണിക്കപ്പെടുന്നു. ഫലപ്രദമായ പ്രതിരോധവും ചികിത്സാ രീതികളും ഉപയോഗിച്ച്, ഈ ഒടിവുകൾ പലതും തടയാൻ കഴിയും. ഓർക്കുക, ചികിത്സയേക്കാൾ പ്രതിരോധമാണ് നല്ലത്!
Dr Arjun R Prasad
Orthopaedic surgeon
SUT Pattom, Trivandrum