
ടെഹ്‌റാൻ: ഹിജാബ് ധരിക്കാതെ ദക്ഷിണ കൊറിയയിലെ സിയൂളിൽ നടന്ന മത്സരത്തിൽ പങ്കെടുത്ത ക്ളൈമ്പിംഗ് താരം എൽനാസ് റെഖാബിയെ തിരികെ രാജ്യത്തെത്തണമെന്ന് മടക്കി വിളിച്ച് ഇറാൻ സർക്കാർ. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് സ്‌പോർട് ക്ളൈമ്പിംഗ് ഏഷ്യൻ ചാമ്പ്യൻ ഷിപ്പിൽ ഹിജാബില്ലാതെ പങ്കെടുത്ത ഇറാൻ താരം രാജ്യത്ത് നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണയ്‌ക്കുന്നു എന്ന സൂചനയെ തുടർന്നാണ് സർക്കാർ തിരികെ താരത്തെ വിളിച്ചുവരുത്തിയത്.
എന്നാൽ ഇതിനിടെ എൽനാസ് സംഭവത്തിൽ മാപ്പപേക്ഷയും വിശദീകരണവും സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തി. മുൻനിശ്ചയിച്ച സമയത്തല്ല മത്സരത്തിന് തന്റെ പേര് വിളിച്ചതെന്നും അത്തരത്തിൽ വേഗം ഇറങ്ങിയപ്പോൾ മുഴുവൻ തയ്യാറെടുപ്പും നടത്താനായില്ലെന്നും തന്റെ ഹിജാബിന് പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നും ഇൻസ്‌റ്റഗ്രാമിൽ താരം വിശദീകരിച്ചു. നാട്ടിലെത്തിയ താരത്തിന്റെ ഫോണും പാസ്‌പോർട്ടും പിടിച്ചെടുത്തതായാണ് വിവരം. വിഷയത്തിലെ ഉത്‌കണ്‌ഠകൾക്ക് മാപ്പ് ചോദിക്കുന്നതായി മാദ്ധ്യമങ്ങളോടും താരം പ്രതികരിച്ചു.
നാട്ടിൽ തിരികെയെത്തിയ എൽനാസിന് പക്ഷെ വലിയ സ്വീകരണമാണ് ലഭിച്ചത്. ആർപ്പ്‌വിളിച്ചും പാട്ടുപാടിയും താരത്തെ പ്രക്ഷോഭത്തെ അനുകൂലിക്കുന്നവർ സ്വീകരിച്ചു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഹിജാബ് ധരിച്ചത് ശരിയല്ലെന്ന കാരണത്താൽ സദാചാര പൊലീസ് അറസ്‌റ്റ് ചെയ്‌ത മഹ്സാ അമീനി എന്ന യുവതി മരിച്ചതിനെ തുടർന്ന് ഇറാനിൽ ആരംഭിച്ച പ്രക്ഷോഭം ഇന്റർനെറ്റ് സേവനം റദ്ദാക്കിയും നിരവധി പേരെ അറസ്‌റ്റ് ചെയ്‌തും കടുത്ത നടപടിയിലൂടെ സർക്കാർ മറികടക്കാൻ ശ്രമിക്കുകയാണ്. ഇപ്പോഴും പ്രക്ഷോഭം രാജ്യത്ത് തുടരുകയാണ്.