
ദോഹ : ലോകകപ്പിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ. ലോകകപ്പിനായി ഖത്തർ പുറത്തിറക്കിയതിൽ 25 ശതമാനം ബസുകൾ ഇലക്ട്രിക് ആണ്. കാർബൺ പുറംതള്ളൽ കുറച്ച് ക്ലീൻ എനർജി പരമാവധി ഉപയോഗപ്പെടുത്തുക ലക്ഷ്യമിട്ടാണ് ഇലക്ട്രിക് ബസുകൾ പുറത്തിറക്കിയിരിര്കുന്നത്. ഇലക്ട്രിക് ബസുകളുടെ പാർക്കിംഗിനായി 4 ലക്ഷം സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ഇലക്ട്രിക് ബസുകൾക്കുള്ള ബസ് ഡിപ്പോയും സജ്ജമാക്കി, ഉദ്ഘാടനത്തിന് പിന്നാലെ ലുസൈൽ ഇലക്ട്രിക് ബസ് ഡിപ്പോ ഗിന്നസ് ബുക്കിലും ഇടംപിടിച്ചു.
ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ എന്ന നിലയിലാണ് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചത്. 478 ബസുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന രീതിയിലാണ് ലുസൈൽ ബസ് ഡിപ്പോ സജ്ജീകരിച്ചിരിക്കുന്നത്. വിപുലമായ സൗകര്യങ്ങളോട് കൂടിയ ഡിപ്പോയിൽ ചാർജിംഗ് സംവിധാനങ്ങൾ, ജീവനക്കാർക്കുള്ള താമസസ്ഥലം, ബസുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള സ്ഥലം എന്നിവയും ഒരുക്കിയിട്ടുണ്ട്. റാപ്പിഡ് ട്രാൻസിറ്റ് ബസുകൾക്കുള്ളഏരിയയാണ് മറ്റൊരു പ്രത്യേകത. നിലവിൽ ഇത്തരത്തിലുള്ള 24 ബസുകൾക്കാണ് സൗകര്യമുള്ളത്..