diwali

ദുബായ്: ഇത്തവണ ദുബായിലെ വിദ്യാ‌ർത്ഥികൾക്ക് ദീപാവലി ആഘോഷം പൊടിപൊടിക്കാം. ശനി, ഞായർ അവധിയ്‌ക്ക് പുറമേ ദീപാവലി ദിനമായ തിങ്കളും, ചൊവ്വാഴ്‌ചയും പല സ്‌കൂളുകളും ദുബായിൽ അവധി നൽകി. ചില സ്‌കൂളുകളിൽ നിലവിലെ മിഡ്‌ടേം അവധിയുടെ തുടർച്ചയായാണ് ഈ അവധി ദിനങ്ങൾ വരുന്നത്. ഇതോടെ ദുബായിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇത്തവണ സന്തോഷത്തോടെ ദീപാവലി ആഘോഷിക്കാം. ഒക്‌ടോബർ 24 പ്രവൃത്തിദിവസമായ ചില ഇന്ത്യൻ ഇതര സ്‌കൂളുകൾ അവിടെയുള‌ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദീപാവലിയുമായി ബന്ധപ്പെട്ട ഫെയറുകൾ സംഘടിപ്പിക്കാനും അവരുടെ പരമ്പരാഗത വസ്‌ത്രം ധരിക്കാനും അനുമതിയുണ്ട്. ഷാർജയിലും മിക്ക സ്‌കൂളുകളും ദീപാവലി പ്രമാണിച്ച് അടച്ചിടും. ദീപാവലി ഇന്ത്യൻ കുടുംബങ്ങൾക്ക് പ്രധാനമായതിനാൽ വിദ്യാർത്ഥികൾക്ക് കുടുംബമൊത്ത് ആഘോഷിക്കാൻ അനുവദിക്കുമെന്ന് മിക്ക സ്‌കൂൾ അധികൃതരും അറിയിച്ചു.