
കൊച്ചി: വടക്കഞ്ചേരി അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ രക്തത്തിൽ ലഹരി സാന്നിദ്ധ്യമില്ല. കാക്കനാട് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ജോമോന്റെ രക്തം പരിശോധനയ്ക്കയച്ചതെന്ന് ആരോപണമുണ്ട്.
പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം ഒക്‌ടോബർ ആറിന് അർദ്ധരാത്രി 12.30 ഓടെയായിരുന്നു അപകടം നടന്നത്. കെ എസ് ആർ ടി സി ബസിന് പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ കുട്ടികൾ സഞ്ചരിച്ച ലൂമിനസ് ബസാണ് അപകടത്തിൽപ്പെട്ടത്.
വിദ്യാർത്ഥികളും അദ്ധ്യാപകനുമടക്കം ഒൻപതുപേരാണ് മരിച്ചത്. അപകടത്തിൽ നിസാരമായി പരിക്കേറ്റ ജോമോൻ വടക്കഞ്ചേരി ഇ കെ നായനാർ ആശുപത്രിയിൽ ചികിത്സ തേടിയതിന് ശേഷം മുങ്ങി. ആറാം തീയതി വൈകിട്ട് മൂന്നരയോടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്.