riyas

തിരുവനന്തപുരം: ചീഫ് എൻജിനിയറുടെ റിപ്പോർട്ടിൽ 'പെർഫെക്ട്' എന്നും 'വർക്ക് കംപ്ളീറ്റഡ്' എന്നും രേഖപ്പെടുത്തിയ പത്തനാപുരം മാർക്കറ്റ് ജംഗ്ഷൻ ഭാഗത്തെ റോഡിൽ കുണ്ടുംകുഴിയും ടാറിംഗ് പൂർത്തിയാകാതെയുമുള്ള അവസ്ഥ നേരിൽകണ്ട മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചുമതലക്കാരിയായ ഉദ്യോഗസ്ഥയെ കണക്കിന് ശകാരിച്ചു. 'നിങ്ങൾ എന്തുപരിശോധനയാ നടത്തിയത്. വർത്തമാനം നമുക്ക് പിന്നെപ്പറയാം. ധീരതയ്ക്കുള്ള ഒരു അവാർഡ് കൊടുത്തേക്ക്,​ ഈ തൊലിക്കട്ടിക്ക് ' എന്നുപറഞ്ഞാണ് മന്ത്രി പൊട്ടിത്തെറിച്ചത്. റിപ്പോർട്ട് നൽകിയ ചീഫ് എൻജിനിയറെയും നിറുത്തിപ്പൊരിച്ചു. പറ്റില്ലെങ്കിൽ വേറെ പണി നോക്കാനും ഉദ്യോഗസ്ഥരോട് പറഞ്ഞു.

രാത്രിയ്ക്കു മുമ്പ് കുഴികളടച്ച് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് അന്ത്യശാസനവും നൽകി. നിർദ്ദേശം പാലിച്ചില്ലെങ്കിൽ ഉണ്ടാകുന്ന ഭവിഷ്യത്തും ഓർമ്മിപ്പിച്ചു. ശബരിമല സീസണ് മുന്നോടിയായി അറ്റകുറ്റപ്പണികൾ പൂ‌ർത്തിയാക്കാൻ നിർദ്ദേശിച്ച റോഡുകളിലായിരുന്നു മന്ത്രിയുടെ പരിശോധന. കാൽനടപോലും അസാദ്ധ്യമായ റോഡ് കണ്ടാണ് മന്ത്രി ക്ഷുഭിതനായത്.

കോന്നി റോഡിന്റെ (30 കി.മീറ്റർ)​ സ്ഥിതിയും സമാനമായിരുന്നു. 16കിലോമീറ്ററോളം ബിറ്റുമിൻ കോൺക്രീറ്റും ശേഷിക്കുന്ന ഭാഗം ടാറിംഗും ബാക്കിയായ കെ.എസ്.ടി.പി റോഡിലെ പണി ബന്ധപ്പെട്ട ചീഫ് എൻജിനിയർ സ്ഥലത്ത് ക്യാമ്പുചെയ്ത് 23ന് മുമ്പ് പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചു. ഇളമണ്ണൂർ- കലഞ്ഞൂർപ്പാടം റോഡിന്റെ നിർമ്മാണം ഇഴയുന്നതും മന്ത്രിയെ ചൊടിപ്പിച്ചു. ഡിസംബർ 31ന് മുമ്പ് പൂർത്തിയാക്കാൻ നിർദ്ദേശിച്ചു.

ശബരിമലയുമായി ബന്ധപ്പെട്ട 12 പ്രധാന റോഡുകളും ഏഴ് ഉപറോഡുകളുമാണ് മണ്ഡലകാലത്തിനുമുമ്പ് അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ തീരുമാനിച്ചത്. ഇതിനായി കഴിഞ്ഞമാസം യോഗം വിളിച്ചുചേർത്ത മന്ത്രി ഓരോ റോഡുകളുടെയുംചുമതല ഓരോ ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു.

ഇന്ന് പത്തനംതിട്ടയിൽ ചേരുന്ന അവലോകനയോഗത്തിന് മുന്നോടിയായാണ് പണികളുടെ പുരോഗതി വിലയിരുത്താൻ മന്ത്രി കൊല്ലം, പത്തനംതിട്ട ജില്ലകളിലെ റോഡ‌ുകളിലൂടെ സഞ്ചരിച്ചത്. പൊതുമരാമത്ത് സെക്രട്ടറി അജിത്കുമാർ,​ ജോയിന്റ് സെക്രട്ടറി സാംബശിവറാവു,​ ചീഫ് എൻജിനിയർമാർ,​ എക്സി. എൻജിനിയർമാർ,​ എം.എൽ.എമാർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ഇന്നും പരിശോധന

ഇന്ന് എരുമേലി, കാഞ്ഞിരപ്പള്ളി, ചെങ്ങന്നൂർ, തിരുവല്ല, അടൂർ, ആറന്മുള എന്നിവിടങ്ങളിൽ മന്ത്രി പരിശോധന നടത്തും. കോന്നി, റാന്നി, ചെങ്ങന്നൂർ മണ്ഡലങ്ങളിലെ റോഡുകളുടെയും നവീകരിച്ച എരുമേലി റസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം നിർവഹിക്കും.

''ജനങ്ങളുടെ പണത്തിൽ നിന്ന് ശമ്പളം വാങ്ങിയിട്ട് ഉദ്യോഗസ്ഥർക്ക് തോന്നുംപോലെ പോകാനാകില്ല. ഇങ്ങനെയൊക്കെ മതിയെന്ന് പറയുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കുനിറുത്തും. ശമ്പളം നൽകുന്ന സർക്കാരിന് എങ്ങനെ ജോലി ചെയ്യിക്കണമെന്ന് അറിയാം.

-പി.എ.മുഹമ്മദ് റിയാസ്,

പൊതുമരാമത്ത് മന്ത്രി