
കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു. ഭഗവൽ സിംഗിന്റെയും ലൈലയുടെയും ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സൈബർ തെളിവുകളുടെ ശേഖരണവും നടക്കുന്നു. പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്ന് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.
കൊല്ലപ്പെട്ട പദ്മത്തിന്റെയും റോസ്‌ലിയുടെയും മാംസം ഷാഫി കൊച്ചിയിലേക്ക് കൊണ്ടുവന്നതായി സൂചനയുണ്ട്. ജൂൺ ആദ്യവാരവും സെപ്തംബർ അവസാനവാരവുമാണ് അരുംകൊലകൾ നടന്നത്. രണ്ട് തവണയും ഷാഫി മാംസം കൊണ്ടുപോയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയ വിവരം. ഇതിൽ എത്രത്തോളം യാഥാർത്ഥ്യമുണ്ടെന്ന് വ്യക്തമല്ല.
അമാനുഷിക ശക്തി കിട്ടാനായി മനുഷ്യ മാംസം കഴിക്കുന്ന ചിലരെ തനിക്കറിയാമെന്നും, അവർക്ക് മാംസം വിൽക്കാമെന്നും ഷാഫി പറഞ്ഞതായി കൂട്ടുപ്രതികളായ ഭഗവൽ സിംഗും ലൈലയും നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഷാഫിയുടെ ഹോട്ടലിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.