
ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കെത്തിച്ചപ്പോൾ പൊലീസിനെ വെട്ടിച്ച് കക്കൂസിന്റെ വെന്റിലേറ്റർ പൊളിച്ച് രക്ഷപ്പെട്ട അടിപിടിക്കേസിലെ പ്രതി പുന്നമട സ്വദേശി ശ്യാം (29) ആറാം ദിവസം കോടതിയിൽ കീഴടങ്ങാനത്തെവേ പൊലീസിനെ കണ്ട് ഓടുന്നതിനിടെ കുടുങ്ങി.
ഇന്നലെ രാവിലെ ജില്ലാ കോടതി പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ 14നാണ് ശ്യാം ജനറൽ ആശുപത്രിയിൽ നിന്ന് കടന്നത്. ഇയാൾ ഇന്നലെയാണ് കോടതിയിൽ കീഴടങ്ങാൻ എത്തിയത്. എന്നാൽ കോടതി പരിസരത്തെ വൻ പൊലീസ് സന്നാഹം കണ്ടതോടെ വഴിയരികിലിരുന്ന ബൈക്കിലെ ഹെൽമറ്റ് ധരിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇയാളെ തിരിച്ചറിഞ്ഞ പൊലീസ് പിന്നാലെ പാഞ്ഞപ്പോൾ കോടതിക്ക് എതിർവശത്തെ സപ്ലൈകോ കെട്ടിടത്തിന് മുകളിലേക്ക് ഓടിക്കയറി. എങ്ങോട്ടു പോയെന്നറിയാതെ പൊലീസുകാർ നിൽക്കവേ കെട്ടിടത്തിന് മുകളിൽ നിന്ന് അവരുടെ മുന്നിലേക്കുതന്നെ ചാടിവീണ പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. കൈയിൽ വിലങ്ങ് ധരിച്ചാണ് ആറ് ദിവസവും മുങ്ങിനടന്നത്. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും അന്വേഷണത്തിന് തടസമായി. മണ്ണഞ്ചേരി വരെ പ്രതി എത്തിയിട്ടുള്ളതായി സി.സി.ടി.വി കാമറകളിൽ നിന്ന് വിവരം ലഭിച്ചിരുന്നെങ്കിലും ശേഷം കൃത്യമായ സൂചനകളൊന്നും കിട്ടിയില്ല.
നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ശ്യാം ജില്ല വിട്ട് ഒളിവിൽ പോയിട്ടുള്ളതിനാൽ ഈ വഴിക്കും അന്വേഷണം നടത്തിയിരുന്നു. കോടതി പരിസരത്ത് നിന്ന് നോർത്ത് പൊലീസ് പിടികൂടിയ പ്രതിയെ സൗത്ത് പൊലീസിന് കൈമാറി. കഴിഞ്ഞ ആഴ്ച പിടിയിലായ അടിപിടി കേസും പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കേസും ജാമ്യം ലഭിക്കുന്ന കുറ്റമായതിനാൽ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.