
ബംഗളൂരു: പ്രണയത്തെച്ചൊല്ലി മകളെയും കാമുകനെയും പിതാവും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി. കർണാടകയിലെ ബഗൽകോട്ടിലാണ് ദുരഭിമാനക്കൊല റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. പതിനേഴുകാരിയായ രാജേശ്വരിയും ഇരുപത്തിയഞ്ചുകാരനായ ദളിത് യുവാവുമാണ് കൊല്ലപ്പെട്ടത്.
കെട്ടിട നിർമാണ തൊഴിൽ ചെയ്യുന്ന വിശ്വനാഥുമായി പതിനാലുവയസുമുതൽ പെൺകുട്ടി പ്രണയത്തിലായിരുന്നു. പ്രായപൂർത്തിയായാൽ ഉടൻ കാമുകനെ വിവാഹം കഴിക്കുമെന്ന് പെൺകുട്ടി മാതാവിനോട് പറഞ്ഞിരുന്നു. അവർ ഇക്കാര്യം ഭർത്താവിനെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നു.
സെപ്തംബർ 30നാണ് കൊലപാതകങ്ങൾ നടന്നത്. വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്ന് പറഞ്ഞ് വിശ്വനാഥിനെ പെൺകുട്ടിയുടെ ബന്ധുക്കൾ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാജേശ്വരിയെ കഴുത്തുഞെരിച്ചും കൊന്നു. ശേഷം മൃതദേഹങ്ങൾ നദിയിൽ കെട്ടിത്താഴ്ത്തി.
കേസ് തങ്ങൾക്ക് നേരെ വരാതിരിക്കാനായി, മകളെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. വിശ്വനാഥിന്റെ കുടുംബവും പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.