
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ശശി തരൂർ പരാജയപ്പെട്ടേക്കാം. എന്നാൽ തിരുവനന്തപുരം എംപി പലരുടെയും ഹൃദയം കീഴടക്കിയെന്ന് അക്ഷരാർത്ഥത്തിൽ പറയാം. അദ്ദേഹത്തിന്റെ എതിരാളിയായ മല്ലികാർജുൻ ഖാർഗെ 7,897 വോട്ടുകൾ നേടി വിജയം ഉറപ്പിച്ചപ്പോൾ, തരൂർ 1072 വോട്ടുകൾ നേടി. എന്നാൽ അസാധുവായ 416 വോട്ടുകൾക്ക് പിന്നിൽ രസകരമായ ചില കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്.
അസാധുവായ ഒരു വോട്ടിൽ തരൂരിന്റെ പേരിനടുത്തുള്ള കോളത്തിൽ ഹൃദയവും അമ്പും വരച്ചിട്ടുണ്ടായിരുന്നു. മറ്റൊന്നിൽ തരൂരിന്റെ പേരിന് നേരെ ടിക്കും ഖാർഗെയുടെ പേരിന് സമീപം സ്വസ്തിക ചിഹ്നവും രേഖപ്പെടുത്തിയിരുന്നു. ഇത് വോട്ട് ചെയ്ത ആളുടെ സ്വന്തം ഇഷ്ടവും ദൈവഹിതവും തമ്മിലുള്ള ആശയക്കുഴപ്പത്തിന്റെ പ്രതീകമാണെന്നാണ് തരൂർ ക്യാമ്പിലെ വൃത്തങ്ങൾ പറയുന്നത്.
ആകെ പോൾ ചെയ്തതിന്റെ പന്ത്രണ്ട് ശതമാനം വോട്ട് നേടിയതിന്റെ ആഹ്ലാദത്തിലാണ് തരൂർ അനുകൂലികൾ. ജാർഖണ്ഡ്, ജമ്മു കശ്മീർ, കേരളം, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹത്തിന് കൂടുതൽ വോട്ട് ലഭിച്ചതെന്നാണ് ഇവരുടെ നിഗമനം. മാനനിർദേശ പത്രിക സമർപ്പിക്കാൻ ഖാർഗെ പോയപ്പോൾ മുതിർന്ന നേതാക്കൾ അനുഗമിച്ചില്ലായിരുന്നെങ്കിൽ ഫലം തികച്ചും വ്യത്യസ്തമാകുമായിരുന്നു. അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് മാറ്റി നിർത്താൻ ആർക്കും കഴിയില്ലെന്നും തരൂർ അനുകൂലികൾ പ്രതികരിച്ചു.