crime

മഞ്ചേരി: പുക വലിച്ചതിനെ തുടർന്നുണ്ടായ വാക്‌തർക്കത്തിനിടെ ഭർത്താവിനെ ഭാര്യ കറിക്കത്തി കൊണ്ട് കുത്തിക്കൊന്നു. മേലാക്കം കോഴിക്കാട്ടുകുന്ന് നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദാണ്(65) മരിച്ചത്. ഭാര്യ അരീക്കോട് വടക്കുമുറി പാലച്ചോട് വെളുത്തേത്തൊടിവീട്ടിൽ നഫീസയെ(54) പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ 10.30നാണ് സംഭവം. കുഞ്ഞിമുഹമ്മദ് മുറ്റത്ത് നിന്ന് പുക വലിച്ചതിനെ തുടർന്നായിരുന്നു തർക്കം.

പുകയുടെ ഗന്ധം പ്രയാസമുണ്ടാക്കിയതോടെ നഫീസ ദേഷ്യപ്പെട്ടതിനെ തുടർന്ന് കുഞ്ഞിമുഹമ്മദ് കൈയിലുണ്ടായിരുന്ന വടികൊണ്ട് ഭാര്യയെ മർദ്ദിച്ചു. പച്ചക്കറി അരിഞ്ഞുകൊണ്ടിരിക്കുകയായിരുന്ന നഫീസ കത്തികൊണ്ട് കുഞ്ഞിമുഹമ്മദിന്റെ പിന്നിൽ കുത്തുകയായിരുന്നു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മകൻ നിയാസ് ശബ്ദംകേട്ടെത്തിയപ്പോൾ കുഞ്ഞിമുഹമ്മദ് കുത്തേറ്റുകിടക്കുന്നതാണ് കണ്ടത്. ഓടിക്കൂടിയ നാട്ടുകാർ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു മരണം. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മക്കൾ: നാദിയ, നിയാസ്, നാഷിദ്, നാദിർഷാ. മരുമകൻ: ജാഫർ പാണ്ടിക്കാട്. സഹോദരങ്ങൾ: ആമിന, ഹഫ്സത്ത്, മറിയുമ്മ, ആയിഷ, പരേതരായ ഉമ്മർ, മുഹമ്മദ്, അഷ്റഫ്, അബൂബക്കർ, ഖദീജ.