
തിരുവനന്തപുരം: പരാജയപ്പെട്ടെങ്കിലും പ്രതീക്ഷിച്ചതിലേറെ വോട്ടുകൾ നേടിയതോടെ വിജയപരിവേഷത്തിലാണ് ശശി തരൂർ. ഹൈക്കമാൻഡ് സ്ഥാനാർത്ഥിയെന്ന പരിവേഷം കിട്ടിയ ഖാർഗെയ്ക്കെതിരെ മത്സരിച്ചിട്ടും 1072 വോട്ടുകൾ നേടാനായത് വിജയത്തോളം പോന്നതാണെന്നാണ് അവർ വാദിക്കുന്നു. തമിഴ്നാട്, മദ്ധ്യപ്രദേശ്, വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് നല്ല രീതിയിൽ വോട്ടുകൾ കിട്ടിയെന്നാണ് അനുമാനം.
കേരളത്തിലെ മുതിർന്ന നേതാക്കളെല്ലാം എതിർചേരിയിൽ അണിനിരന്നെങ്കിലും ഇവിടെ നിന്ന് 120 വോട്ടെങ്കിലും കിട്ടിയിട്ടുണ്ടെന്നാണ് തരൂർ പക്ഷം വിലയിരുത്തുന്നത്. തരൂരിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച എം.കെ.രാഘവൻ, എം.പി, മുൻ എം.എൽ.എമാരായ തമ്പാനൂർരവി, കെ.എസ്.ശബരീനാഥൻ ഉൾപ്പെടെയുള്ളവർക്ക് പുറമെ ഗ്രൂപ്പ് നേതാക്കളോട് ഏറെ അടുപ്പം പുലർത്തിയ നിരവധി മുതിർന്ന നേതാക്കളും തരൂരിനെ പിന്തുണച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാർ പറയുന്നു. ആകെയുള്ള 310 വോട്ടർമാരിൽ 294 പേരാണ് കേരളത്തിൽ നിന്ന് വോട്ടു ചെയ്തത്.
തരൂരിനെ പിന്തുണയ്ക്കുന്നതിൽ നേതൃത്വം അസംതൃപ്തി പ്രകടിപ്പിച്ചിരുന്നതിന്റെ സൂചനകളും പുറത്തുവന്നിരുന്നു. തരൂരിന് പിന്തുണ നൽകാമെന്ന് രണ്ട് മാസം മുമ്പ് താൻ ഉറപ്പ് കൊടുത്തതാണെന്നും, ഇതുമൂലം ഉണ്ടായേക്കാവുന്ന നഷ്ടം തനിക്ക് അറിയാമെന്നുമാണ് എം.കെ.രാഘവൻ എം.പി തിരഞ്ഞെടുപ്പ് ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, പ്രതീക്ഷിച്ചതിലപ്പുറം വോട്ട് പിടിച്ചതോടെ തരൂരിനെ
അഭിനന്ദനങ്ങൾ കൊണ്ട് പൊതിയുകയാണ് മിക്ക നേതാക്കളും.
അനന്തരം
#തരൂരിന്റെ സ്വീകാര്യത ദേശീയതലത്തിൽത്തന്നെ ഉയരുന്നു
#പാർലമെന്ററി തലത്തിലും പാർട്ടിയിലും ഉയർന്ന പദവി കിട്ടിയേക്കാം
#ലോക് സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ
പ്രചാരണരംഗത്ത് മുഖ്യറോൾ വഹിച്ചേക്കാം.
തിരുത്തൽ വാദിയാകാൻ തരൂർ
രണ്ട് ദശാബ്ദങ്ങൾക്ക് മുൻപ് സോണിയാ ഗാന്ധിയുടെ ആധിപത്യം ഉറപ്പിച്ച തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥി ജിതേന്ദ്ര പ്രസാദിന് വെറും 94 വോട്ടാണ് നേടാനായത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചാണ് ശശി തരൂർ 1072 വോട്ട് നേടിയത്. പോൾ ചെയ്തതിന്റെ 12 ശതമാനം വോട്ടു നേടിയ തരൂർ ഇതോടെ പാർട്ടിയിൽ നിഷേധിക്കാനാവാത്ത ശക്തിയായി മാറി.
പാർട്ടിയിൽ ഘടനാപരമായ മാറ്റങ്ങൾ ആവശ്യപ്പെട്ട ജി 23 വിമത വിഭാഗം ഔദ്യോഗിക സ്ഥാനാർത്ഥി മല്ലികാർജ്ജുൻ ഖാർഗെയെ പിന്തുണച്ച് സ്വയം ആയുധം അടിയറവ് വച്ചിരുന്നു. ആ വിടവിലൂടെ എത്തിയ തരൂർ പാർട്ടിയിലെ തിരുത്തൽ വാദിയാകുമോ എന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ പേടി.
ഹൈക്കമാൻഡ് പറയുന്നതെല്ലാം വേദവാക്യമായി അംഗീകരിക്കാൻ തയ്യാറാകാത്ത ഒരു വിഭാഗം നേതാക്കൾ ശശി തരൂരിന് പിന്നിലുണ്ടെന്ന് വ്യക്തമായ സാഹചര്യമാണത്. 500ൽ കൂടുതൽ നേതാക്കൾ തരൂരിന് വോട്ടു ചെയ്യുമെന്ന് ഔദ്യോഗിക വിഭാഗവും കണക്കുകൂട്ടിയിരുന്നില്ല.
ഈ സാഹചര്യത്തിൽ തരൂരിനെ കൂടി വിശ്വാസത്തിലെടുക്കേണ്ടതുണ്ട് ഔദ്യോഗിക വിഭാഗത്തിന്. അതുകൊണ്ടു തന്നെ ഉടൻ നടക്കുന്ന പുനഃസംഘടനയിലൂടെ എ.ഐ.സി.സിയിലോ പ്രവർത്തക സമിതിയിലോ തരൂർ എത്താനും സാദ്ധ്യതയുണ്ട്.
അദ്ധ്യക്ഷനായി ഖാർഗെയ്ക്ക് ആശംസ നേരുന്ന തരൂർ അദ്ദേഹം മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നില്ലെങ്കിൽ തിരുത്തൽ വാദിയാകാനും മടിച്ചേക്കില്ല.