
കൊച്ചി: സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് സെഷൻസ് കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സർക്കാരും പരാതിക്കാരിയായ യുവതിയും നൽകിയ അപ്പീലിലാണ് ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ സിവിക് ചന്ദ്രൻ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്ന് ജാമ്യ ഹർജി പരിഗണിച്ചുകൊണ്ട് കോഴിക്കോട് സെഷൻസ് കോടതി നടത്തിയ പരാമർശം വിവാദമായിരുന്നു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.
2020 ഫെബ്രുവരി എട്ടിന് നടന്ന ക്യാംപിന് ശേഷം പരാതിക്കാരി കടൽത്തീരത്ത് വിശ്രമിക്കുമ്പോൾ സിവിക് ചന്ദ്രൻ കടന്നുപിടിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. 2022 ജൂലായ് 29ന് യുവതി നൽകിയ പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസെടുത്തെങ്കിലും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.