manichan

ന്യൂഡൽഹി: ജീവപരന്ത്യം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചനെ വിചാരണക്കോടതി വിധിച്ച 30.45 ലക്ഷം രൂപ പിഴ ഈടാക്കാതെ ഉടൻ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.

പിഴയടക്കാൻ കഴിയാത്തതിന്റെ പേരിൽ മോചനം നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

വ്യാജമദ്യ ദുരന്തം തടയാൻ കഴിയാതെ പോയ സർക്കാരിന്,ഇരകൾക്കുള്ള നഷ്ടപരിഹാരം നൽകിക്കൂടെയെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു. മണിച്ചന്റെ സഹോദരങ്ങളായ വിനോദ് കുമാറിനെയും മണികണ്ഠനെയും പിഴ ഈടാക്കാതെ മോചിപ്പിച്ചിരുന്നു. ഇക്കാര്യം മണിച്ചന്റെ മോചനത്തിനായി ഹർജി നൽകിയ ഭാര്യ ഉഷയുടെ അഭിഭാഷക മാലിനി പൊതുവാൾ ചൂണ്ടിക്കാട്ടി. ഇതും കോടതി പരിഗണിച്ചു.

കഴിഞ്ഞ മേയ് 20ന് സുപ്രീം കോടതി നൽകിയ നിർദ്ദേശപ്രകാരം സംസ്ഥാന മന്ത്രിസഭാ യോഗം മണിച്ചനടക്കം 33 പ്രതികളെ മോചിപ്പിക്കാൻ ഗവർണറോട് ശുപാർശ ചെയ്തിരുന്നു. ഗവർണർ ഉത്തരവിറക്കിയെങ്കിലും മണിച്ചൻ പിഴത്തുകയായ 30.45 ലക്ഷം അടയ്ക്കണമെന്ന സർക്കാർ തീരുമാനം കാരണം മോചനം മുടങ്ങി. തുടർന്ന്, പിഴ ഒഴിവാക്കി വിട്ടയയ്ക്കാൻ മണിച്ചന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

സർക്കാർ വാദിച്ചത്

പ്രതികൾക്ക് വിചാരണക്കോടതി പിഴ വിധിച്ചത് സുപ്രീം കോടതി ശരി വച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ മണിച്ചൻ 22 വർഷവും ഒമ്പത് മാസവും തുടർന്നും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും വിധിയിലുണ്ട്.പിഴത്തുക ഇരകൾക്ക് നഷ്ടപരിഹാരമായി നൽകേണ്ടതാണ്.

കോടതി ചോദിച്ചത്

പിഴയൊടുക്കാൻ പണമില്ലെന്ന പേരിൽ ഒരു മനുഷ്യനെ എങ്ങനെ ദീർഘകാലം ജയിലിലിടാനാകും?.

വ്യാജമദ്യം തടയുന്നതിൽ പരാജയപ്പെട്ടത് സംസ്ഥാന സർക്കാരല്ലേ?

മദ്യദുരന്തത്തിലെ ഇരകൾക്ക് സർക്കാരിന് നഷ്ടപരിഹാരം നൽകിക്കൂടേ?