dead-body

പാട്ന: പരീക്ഷാ ഹാളിലേക്ക് എറിഞ്ഞുകൊടുത്ത ഉത്തരമടങ്ങിയ തുണ്ടുകടലാസ് പ്രണയലേഖനമാണെന്ന് തെറ്റിദ്ധരിച്ച് പന്ത്രണ്ടുകാരനെ വെട്ടിക്കാെന്ന് റെയിൽവേ ട്രാക്കിൽ തള്ളി. ബീഹാറിലെ ഭോജ്പൂർ ജില്ലയിലെ ഉദ്വന്ത് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരകൊലപാതകം നടന്നത്. അരുംകൊല നടന്ന് ദിവസങ്ങൾക്കുശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത നാലുപേർ ഉൾപ്പടെ ഒമ്പതുപേരെ പൊലീസ് അറസ്റ്റുചെയ്തു.

പൊലീസ് പറയുന്നത്: പരീക്ഷയിൽ തുണ്ടുവയ്ക്കാൻ സഹായിക്കാനാണ് പെൺകുട്ടി സഹോദരനായ പന്ത്രണ്ടുകാരർ ദയാകുമാറിനെ സ്കൂളിലേക്ക് കൊണ്ടുവന്നത്. ആവശ്യമായ സമയത്ത് ഉത്തരമെഴുതിയ തുണ്ടുകടലാസുകൾ എറിഞ്ഞുനൽകണമെന്ന് സഹോദനെ പെൺകുട്ടി പറഞ്ഞേൽപ്പിച്ചിരുന്നു. പരീക്ഷ തുടങ്ങിയപ്പോൾ സഹോദരിയുടെ ആവശ്യപ്രകാരം ദയാകുമാർ ഹാളിലേക്ക് തുങ്ങുകടലാസ് എറിഞ്ഞുകൊടുത്തു.എന്നാൽ അത് ലക്ഷ്യംതെറ്റി മറ്റൊരു പെൺകുട്ടിയുടെ സമീപത്താണ് വീണത്. ആ പെൺകുട്ടി ഇത് പ്രണയലേഖനമാണെന്ന് വിചാരിക്കുകയും സഹോദരങ്ങളെ അറിയിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കളും സഹോദരങ്ങളും ചേർന്ന് ദയാകുമാറിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചശേഷം വെട്ടിക്കൊല്ലുകയായിരുന്നു. അതിനുശേഷം മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു.

കൊലപാതകം നടന്ന് നാലുദിവസം കഴിഞ്ഞശേഷമാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണമാണ് ക്രൂരകൊലപാതകം വെളിച്ചത്തുവരാൻ കാരണമായത്.